നഗരസഭാ സെക്രട്ടറിയുടെ പരാതി സർവീസ് റൂൾ ലംഘിച്ചെന്ന്
1298819
Wednesday, May 31, 2023 4:40 AM IST
തൃപ്പൂണിത്തുറ: കേരള സർവീസ് റൂൾ ലംഘിച്ചാണ് വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരേ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയിരിക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി യു.കെ പീതാംബരൻ.
മുനിസിപ്പൽ സെക്രട്ടറി നടപ്പാക്കിയ ഭരണപരിഷ്കാരത്തെത്തുടർന്ന് ലൈസൻസ് നൽകൽ അടക്കമുള്ളവ തടസപ്പെട്ടിരിക്കുകയാണ്. സെക്രട്ടറിയെ കാണാനെത്തുന്ന നഗരസഭാംഗങ്ങൾ ഓഫീസ് അസിസ്റ്റന്റിനോട് മുൻകൂട്ടി സമയം തേടേണ്ടതായി വന്നു. ഇക്കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച കൗൺസിലർമാരെ സെക്രട്ടറി അപമാനിച്ചതായും പീതാംബരൻ പറഞ്ഞു.
ഈ കൗൺസിലർമാരുടെ വാർഡിലെ പ്രവർത്തനങ്ങൾക്ക് സെക്രട്ടറി ഇടങ്കോലിട്ടു. ഈ പ്രതിസന്ധി സംബന്ധിച്ച് സംസാരിക്കാനാണ് വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ യു.കെ പീതാംബരനും ക്യാബിനിലെത്തിയതെന്നും ഇതിനെയാണ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറഞ്ഞിട്ടുള്ളതെന്നും പീതാംബരൻ പറഞ്ഞു.