സിവിൽ സ്റ്റേഷൻ ഓഫീസുകളിൽ ബയോബിൻ വിതരണം ചെയ്തു
1298813
Wednesday, May 31, 2023 4:40 AM IST
കാക്കനാട്: സിവിൽ സ്റ്റേഷൻ ഓഫീസുകളിൽ ബയോബിൻ വിതരണം ചെയ്തു. സിവിൽ സ്റ്റേഷൻ ജീവനക്കാർ കഴിക്കുന്ന ഉച്ചയൂണിന്റെയും മറ്റു ഭക്ഷണങ്ങളുടെയും അവശിഷ്ടം പൊതിഞ്ഞുകെട്ടി ഇവർ വീട്ടിൽ കൊണ്ടുപോയികളയുകയായിരുന്നു ഇതുവരെ ചെയ്തുവന്നത്. ഇതിൽനിന്ന് ഒരു മോചനമെന്നോണമാണ് ഓഫീസുകളിൽ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ബയോബിൻ വിതരണം ചെയ്തത്.
എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ബയോബിൻ വിതരണം ഉദ്ഘാടനം ചെയ്തു.
ബയോ ബിന്നുകൾ കൃത്യമായ രീതിയിൽ പരിപാലിക്കുന്നതിനായി സിവിൽ സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർമാർക്ക് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ പരിശീലനം നൽകിയിട്ടുണ്ട്. ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടി, ആർടിഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ഷേർളി, പിആർഒ വിനോദ് കുമാർ, വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ്, ജൂനിയർ സൂപ്രണ്ട് രഘു, ജില്ലാ ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ കെ.ജെ. ലിജി, ജില്ലാ ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് ടി.എസ്. സജീർ തുടങ്ങിയവർ പങ്കെടുത്തു.