പ്ലാറ്റിനം ജൂബിലി നിറവിൽ അയിരൂർ സെന്റ് തോമസ് സ്കൂൾ
1298810
Wednesday, May 31, 2023 4:37 AM IST
അയിരൂർ: മികവിന്റെ ഉയരങ്ങൾ സ്വന്തമാക്കി ശ്രദ്ധ നേടിയ അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങൾ മന്ത്രി പി. രാജീവ് നാളെ ഉദ്ഘാടനം ചെയ്യും. കുത്തിയതോട് സെന്റ് തോമസ് ദേവാലയത്തിനു കീഴിൽ 1949ൽ യുപി സ്കൂളായാണ് തുടക്കം. പിന്നീട് അയിരൂർ സെന്റ് ആന്റണീസ് പള്ളി സ്കൂളിന്റെ സാരഥ്യമേറ്റു. എം.ഐ. ആന്റണി ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. 1982ൽ ഹൈസ്കൂളായി ഉയർത്തി. 2010 ൽ സ്കൂൾ എറണാകുളം-അങ്കമാലി അതിരൂപതയുടെ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. 2014ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.
2018ലെ പ്രളയത്തിൽ തകർന്ന ലാബുകൾ, ചുറ്റുമതിൽ ഉൾപ്പെടെ വിവിധ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനേകർ മാനേജ്മെന്റിനൊപ്പം കൈകോർത്തു. എസ്എസ്എൽസിയിലും ഹയർ സെക്കൻഡറിയിലും 100 ശതമാനം വിജയം സ്കൂളിന്റെ മികവിന്റെ അടയാളമാണ്.
നാളെ രാവിലെ 11നു നടക്കുന്ന ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വിശിഷ്ടാതിഥിയാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് മാനേജർ ഫാ. പോൾ ആത്തപ്പിള്ളി, പ്രിൻസിപ്പൽ ഡോ. മേഴ്സി തോമസ്, പ്രധാനാധ്യാപകൻ എം.ഡി. ഷാജി, ജൂബിലി കൺവീനർ സജിമോൻ തോമസ് കോട്ടക്കൽ എന്നിവർ നേതൃത്വം നൽകും.