എന്റെ കേരളം പ്രദര്‍ശന-വിപണനമേള ഇന്നുമുതല്‍ 30 വരെ നാഗമ്പടത്ത്
1544871
Wednesday, April 23, 2025 11:57 PM IST
കോട്ടയം: രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന-വിപണനമേള ഇന്നുമുതല്‍ 30 വരെ നാഗമ്പടം മൈതാനത്തു നടക്കും. മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെയും പ്രദര്‍ശന-വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം ഇന്നു വൈകുന്നേരം നാഗമ്പടം മൈതാനത്ത് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആധ്യക്ഷ്യം വഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരികഘോഷയാത്ര സംഘടിപ്പിക്കും.
മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയന് ഉള്‍പ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള . എല്ലാദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.
കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം കാഴ്ചവയ്ക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, ആധുനികസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായിക-വിനോദപരിപാടികള്‍, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, ടൂറിസം-കാരവന് ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ് മിഷന് പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ് പ്രദര്‍ശനം, സ്കൂള്‍ മാര്‍ക്കറ്റ്, കായിക-വിനോദ പരിപാടികള്‍, പോലീസ് ഡോഗ് ഷോ, മിനി തിയറ്റര്‍ ഷോ എന്നിവ മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
സംഗമങ്ങള്‍, ആദരിക്കല്‍
മേളയോടനുബന്ധിച്ചു വിവിധ തൊഴില്‍ മേഖലകളിലേര്‍പ്പെട്ടിട്ടുള്ളവരുടെയും ഭിന്നശേഷി കലാനിപുണരുടെയും സംഗമങ്ങള്‍ നാഗമ്പടം മൈതാനത്തെ വേദിയില്‍ നടക്കും. നാളെ രാവിലെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധസംഗമം നടക്കും. ഉച്ചകഴിഞ്ഞ് ഭിന്നശേഷി കലാനിപുണരുടെ സംഗമം നടക്കും. 27ന് രാവിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആശാ-ആരോഗ്യ പ്രവര്‍ത്തകരുടെ സംഗമവും ആദരിക്കലും നടക്കും. ഉച്ചകഴിഞ്ഞ് ക്ഷീരകര്‍ഷകസംഗമം നടക്കും.
28നു രാവിലെ ഹരിതകര്‍മസേന സംഗമവും ആദരിക്കലും നടക്കും. ഉച്ചകഴിഞ്ഞ് കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഗമം നടക്കും. 30ന് രാവിലെ അങ്കണവാടി ജീവനക്കാരുടെ സംഗമവും ഉച്ചകഴിഞ്ഞു ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിക്കും.
കലാപരിപാടികള്‍
മേളയുടെ ഭാഗമായി ഇന്നു മുതല്‍ 30 വരെ വൈകിട്ട് മുഖ്യവേദിയില്‍ പ്രമുഖ കലാകാരന്മാര് പങ്കെടുക്കുന്ന കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഇന്ന് ഗ്രൂവ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. നാളെ അക്മ-കൊച്ചിന് ആരോസ് മെഗാഷോ, 27ന് രൂപാ രേവതി വയലിന് ഫ്യൂഷന്‍, 28ന് അന്‍വര്‍ സാദത്തിന്റെ മ്യൂസിക് നൈറ്റ്, 29ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം ജീവിതത്തിന് ഒരു ആമുഖം എന്നിവ നടക്കും.
30ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും നടക്കും. തുടര്‍ന്ന് സൂരജ് സന്തോഷ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയോടെ മേളയ്ക്കു കൊടിയിറങ്ങും.
മുഖ്യമന്ത്രിയുടെ മുഖാമുഖം 29ന്
ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ളവരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം 29ന് രാവിലെ 10.30 മുതല്‍ 12.30 വരെ കോട്ടയം ഈരയില്‍ക്കടവ് ആന്‍സ് കണ്വന്ഷന് സെന്ററില്‍ നടക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്-തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രവാസികള്‍, പ്രശസ്ത വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, കര്‍ഷകതൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയില്‍നിന്നുള്ള അഞ്ഞൂറിലധികം പേര് മുഖാമുഖത്തില്‍ പങ്കെടുക്കും.