വിവരാവകാശ കമ്മീഷന് സിറ്റിംഗ്: 31 പരാതികള്‍ തീര്‍പ്പാക്കി
1544801
Wednesday, April 23, 2025 7:03 AM IST
കോട്ടയം: എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന് വിവരാവകാശ നിയമം ബാധകമെന്ന് വിവരാവകാശ കമ്മീഷന്. എയ്ഡഡ് സ്കൂളിലെ നിയമനത്തിന് അംഗീകാരം നല്‍കുന്നത് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറാണ്.
അതിനാല്‍ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുനല്‍കേണ്ട ബാധ്യത റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഉണ്ടെന്ന് കമ്മീഷന് പറഞ്ഞു. കെ.എസ്. സാബു എന്ന ഹര്‍ജിക്കാരന്റെ പരാതി പരിഗണിക്കവേയാണ് കമ്മീഷന് വിലയിരുത്തല്‍ നടത്തിയത്.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന് സിറ്റിംഗില്‍ 31 പരാതികള്‍ തീര്‍പ്പാക്കി. 39 പരാതികള്‍ പരിഗണിച്ചു.
എട്ട് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത്, റവന്യൂ വകുപ്പ്, കെഎസ്ഇബി, പോലീസ്, മഹാത്മാഗാന്ധി സര്‍വകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ കൂടുതലായി എത്തിയതെന്ന് കമ്മീഷന് പറഞ്ഞു.