കരിയാര്‍ സ്പില്‍വേ തുറക്കാന്‍ നടപടി സ്വീകരിക്കണം
1544804
Wednesday, April 23, 2025 7:11 AM IST
കടുത്തുരുത്തി: തോട്ടകം കരിയാര്‍ സ്പില്‍വേ ഏപ്രില്‍ 30ന് മുമ്പ് തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരിയാര്‍ സ്പില്‍വേയുടെ മുഖ്യ ചുമതലയുള്ള ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലുമായി ഇതുസംബന്ധിച്ചു എംഎല്‍എ ചര്‍ച്ച നടത്തി.
ഇക്കാര്യം ഉന്നയിച്ചു കടുത്തുരുത്തി പഞ്ചായത്ത് എടുത്ത കമ്മിറ്റി തീരുമാനം മെംബര്‍ നോബി മുണ്ടയ്ക്കന് ജില്ലാകളക്ടറെ നേരില്‍ക്കണ്ട് സമര്‍പ്പിച്ചിരുന്നു. വൈക്കം താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും നെല്‍കൃഷിയും മറ്റ് അനുബന്ധ കൃഷികളും പ്രയോജനകരമായി നടപ്പാക്കുന്നതിന് കരിയാര്‍ സ്പില്‍വേ തുറക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വിവിധ തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിനും മലിനജലംമൂലമുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കുന്നതിനും കരിയാര്‍ സ്പില്‍വേ തുറക്കുന്നതിലൂടെ സഹായകരമാകുമെന്ന് എംഎല്‍എയും കടുത്തുരുത്തി പഞ്ചായത്തും നല്കിയ നിവേദനങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രകൃതി സംരക്ഷണത്തിനും ജനവാസ വ്യവസ്ഥിതിക്കും ഓരുവെള്ളം കയറ്റിയിറക്കുന്നത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.