കുറിയന്നൂർകുന്ന് റോഡിൽ പൈപ്പ് പൊട്ടി വൻ ഗർത്തം
1544798
Wednesday, April 23, 2025 7:03 AM IST
പാമ്പാടി: പോലീസ് സ്റ്റേഷന്റെ എതിർ വശത്ത് കുറിയന്നൂർകുന്ന് റോഡിന്റെ തുടക്കഭാഗത്ത് പൈപ്പ് പൊട്ടി റോഡിന്റെ നടുഭാഗം തകർന്ന് വൻ ഗർത്തം രൂപപ്പെട്ടു. 8.5 ലക്ഷം രൂപ ചെലവ് ചെയ്ത് പാമ്പാടി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി ഒരു മാസം മുൻപ് ടാർ ചെയ്ത് വശങ്ങൾ കോൺക്രീറ്റു ചെയ്ത റോഡിന്റെ നടുഭാഗമാണ് ഇന്നലെ തകർന്നത്. ശനിയാഴ്ച പൈപ്പ് നന്നാക്കുവാൻ റോഡ് പൊളിക്കാൻ തുടങ്ങിയപ്പോൾ വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു.
തിങ്കളാഴ്ച വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ച് പൈപ്പ് നന്നാക്കി മണ്ണിട്ടുമൂടി.
നന്നാക്കിയ പൈപ്പിൽക്കൂടി ഇന്നലെ രാവിലെ വെള്ളമെത്തിയപ്പോൾ വൻ ശബ്ദത്തോടെ പൈപ്പ് വീണ്ടും പൊട്ടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കാലപ്പഴക്കംചെന്ന ആസ്ബസ്റ്റോസ് പൈപ്പ് പൊട്ടിയ ഭാഗം മുറിച്ചു മാറ്റി അവിടെ പിവിസി പൈപ്പ് ഘടിപ്പിച്ചതാണ് വീണ്ടും പൊട്ടുവാനിടയാക്കിയത്.
ഈ ഭാഗത്ത് ടാങ്കിലെ വെള്ളം തീരുന്നതുവരെ ഒഴുക്കായിരുന്നു. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് തകരുവാൻ കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. റോഡ് നന്നാക്കുന്നതിനു മുൻപ് പൈപ്പ് റോഡിന്റെ ഒരു വശത്തേക്കു മാറ്റിസ്ഥാപിക്കുവാൻ വ്യാപാരികളടക്കമുള്ളവർ അധികൃതരോടാവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.
റോഡിന് തുക അനുവദിച്ച ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് അനുമോദനമർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡ് റോഡ് തകർന്നതിന് തൊട്ടടുത്ത് സ്ഥാപിച്ചത് ഇവിടെ കാണാം.