വേനൽമഴ: ജനങ്ങൾ ജാഗ്രത പാലിക്കണം
1544868
Wednesday, April 23, 2025 11:57 PM IST
പാലാ: ഇടവിട്ട് വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് പാലാ നഗരസഭാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ജാഗ്രതാ നിര്‍ദേശം നല്കി.
ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ മൂടിവച്ച് ഉപയോഗിക്കണം. വീടിന്റെ പുറത്തും അടുത്തുമുള്ള പുരയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. റഫ്രിജറേറ്ററിന്റെ പിറകിലെ ടാങ്ക്, ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്ന ചെടിച്ചട്ടികള്‍, ചിരട്ടകള്‍, ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, പാഴ്വസ്തുക്കള് തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനു പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
നഗരസഭാ പ്രദേശത്തെ പാഴ്വസ്തു സംഭരണകേന്ദ്രങ്ങളില്‍ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ജി. അനീഷ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിനു പൗലോസ്, രഞ്ജിത് ആര്. ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി കര്‍ശന നിര്‍ദേശങ്ങള്‍ നല്കി. പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണമെന്ന് നഗരസഭാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നിര്‍ദേശം നല്കി.