‘കുറുപ്പന്തറ ജംഗ്ഷന് വികസനം, ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവ് നിവര്‍ത്തൽ നടപടികൾ വേഗത്തിലാക്കും’
1544402
Tuesday, April 22, 2025 5:30 AM IST
കടുത്തുരുത്തി: കടുത്തുരുത്തി മണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ സ്ഥലങ്ങള്‍ ചേര്‍ത്ത് ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആദ്യഘട്ടത്തില്‍ റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വിട്ടുപോയ സര്‍വേ നമ്പരുകള്‍കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭേദഗതി ഉത്തരവ് റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയാണ് ഇക്കാര്യമറിയിച്ചത്.
ഇതുസംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവ് പ്രകാരം ജില്ലയില്‍ കാണക്കാരി, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിന് ഏറ്റെടുക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കുറുപ്പന്തറ ജംഗ്ഷന് വികസനവും ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകടവളവുകൾ നിവര്‍ത്തുന്നതിന് ഭൂമി ഏറ്റെടുക്കാനുമുള്ള സര്‍ക്കാര്‍ ഉത്തരവ് നടപടികള്‍ വേഗത്തിലാക്കും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും റവന്യു വകുപ്പും സംയുക്ത പരിശോധന നടത്തി ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് കടക്കും.
കുറുപ്പന്തറ ജംഗ്ഷന് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നമ്പരുകളും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു പുറപ്പെടുവിച്ച ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.
റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ചതു പ്രകാരം ബന്ധപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കും. ഇതുസംബന്ധിച്ചുള്ള അന്തിമനടപടികള് തീരുമാനിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.