എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം
1544864
Wednesday, April 23, 2025 11:57 PM IST
എരുമേലി: പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ എരുമേലി പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി നാലംഗ വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തി തെളിവെടുപ്പും വിവരശേഖരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം.
പഞ്ചായത്ത് സെക്രട്ടറി, ജൂണിയർ സൂപ്രണ്ട്, മൂന്ന് സീനിയർ ക്ലാർക്കുമാർ എന്നിവർക്കെതിരെയാണ് പരാതി. ഈ ഉദ്യോഗസ്ഥർ ജോലി കൃത്യമായി നടത്തുന്നില്ലെന്നാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. വിവരശേഖരണം നടത്തിയ വിജിലൻസ് വിഭാഗം പഞ്ചായത്ത് ഓഫീസിൽ ഫയലുകൾ, അപേക്ഷകൾ, പരാതികൾ തുടങ്ങിയവ തീർപ്പാക്കാത്തതുണ്ടോയെന്ന് വിവരങ്ങൾ ശേഖരിച്ചു.
ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ ഹാജർനിലയും പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിജിലൻസ് സംഘം വിവരങ്ങൾ തേടിയിരുന്നു. കൈക്കൂലി ഉൾപ്പെടെ അഴിമതി സംബന്ധിച്ച് പരാതികൾ ഇവർക്കെതിരേ ഇല്ലെന്നും ജോലിയിൽ കൃത്യവിലോപം ആണെന്നുമാണ് പരാതിയെന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സംഘം ഇവരോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഏറെ കാര്യക്ഷമതയോടെയാണ് ജോലി ചെയ്യുന്നതെന്നും യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും ഇവർ വിജിലൻസ് വിഭാഗത്തെ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് മന്ത്രിക്ക് റിപ്പോർട്ട് ലഭിക്കും. ഇതിനു ശേഷമാകും പരാതി സംബന്ധിച്ച് തീർപ്പുണ്ടാവുക.