കൈപ്പുഴയിൽ കാർ മതിലിലിടിച്ച് മറിഞ്ഞു
1544793
Wednesday, April 23, 2025 7:03 AM IST
കൈപ്പുഴ: കൈപ്പുഴ കുരിശുപള്ളി ജംഗ്ഷനിൽ കാർ മതിലിൽ ഇടിച്ചു മറിഞ്ഞു.വൻ അപകടം ഒഴിവായത് തല നാരിഴയ്ക്ക്. അതിരമ്പുഴ പനയത്തിക്കവല സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.
അപകടത്തിൽ ആർക്കും പരിക്കില്ല. പനയത്തിക്കവല സ്വദേശിനി ജോഫിൻ എന്ന യുവതിയെ സമീപവാസി ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെയാണ് അപകടം. അതിരമ്പുഴ റോഡിലൂടെ വന്ന കാർ കൈപ്പുഴ കുരിശുപള്ളി ജംഗ്ഷനിൽവച്ച് കല്ലറ കൈതക്കനാൽ റോഡിലേക്ക് പ്രവേശിച്ചിക്കുന്നതിനിടെ നിയന്ത്രണംവിട്ട് തൊട്ടടുത്ത മതിലിലിടിച്ച് മറിയുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഓടിക്കുടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന രണ്ടു പേരെയും പുറത്തെടുത്തു. ആർക്കും പരിക്കു പറ്റിയില്ല.
അതേസമയം രണ്ട് മിനിറ്റ് മുമ്പാണ് കുരിശുപള്ളി ജംഗ്ഷനിൽ ബസ് കാത്തുനിന്ന യാത്രക്കാർ ബസിൽ കയറി പോയത്. യാത്രക്കാർ ബസ് കയറി പോയതിന് പിന്നാലെയാണ് ഇവർ നിന്ന ഭാഗത്ത് കാർ മതിലിലിടിച്ച് മറിഞ്ഞത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.