മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി മുപ്പതാം വര്‍ഷത്തിലേക്ക്
1544567
Tuesday, April 22, 2025 11:47 PM IST
പാലാ: പാലായുടെ മണ്ണില്‍ സവിശേഷ ശോഭയോടെ തലയുയര്‍ത്തി നില്ക്കുന്ന കലാ-സാംസ്കാരിക കൂട്ടായ്മയായ മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി മുപ്പതാം വര്‍ഷത്തിലേക്ക്. 1993 മാര്‍ച്ച് മൂന്നിന് നാടകാചാര്യന് എന്‍.എന്‍. പിള്ള ഉദ്ഘാടനം ചെയ്ത മീനച്ചില്‍ ഫാസ് കലയുടെ വഴിയില്‍ അനുസ്യൂതം യാത്ര തുടരുകയാണ്.
നിരവധി കലാകാരന്മാര്ക്ക് വേദികള്‍ ഒരുക്കുകയും പുതു തലമുറയ്ക്ക് സാംസ്കാരികമായ അവബോധം നല്‍കുകയും ചെയ്യുന്ന ഫൈന്‍ ആര്‍ട്സ് സൊസൈറ്റി വിവിധങ്ങളായ കര്‍മപരിപാടികള്‍ക്ക് ഈ കലാവര്ഷവും തുടക്കം കുറിക്കും. 24ന് രാത്രി ആറിന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ മുഖ്യാതിഥിയായിരിക്കും. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനത്തിനുശേഷം ഈ വര്‍ഷത്തെ ആദ്യത്തെ പരിപാടി അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം "അനന്തരം' അരങ്ങേറും.
പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, സെക്രട്ടറി ബെന്നി മൈലാടൂര്‍, ബൈജു കൊല്ലംപറമ്പില്‍, വി.എം. അബ്ദുള്ള ഖാന്, ഷിബു തെക്കേമറ്റം, ഉണ്ണി കുളപ്പുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.