പ്രവിത്താനം ഫൊറോന പള്ളി വെബ്സൈറ്റ് ഉദ്ഘാടനം
1544870
Wednesday, April 23, 2025 11:57 PM IST
പ്രവിത്താനം: സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം ഇടവകയുടെ 400 വര്‍ഷത്തെ ചരിത്രവും വളര്‍ച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന വെബ്സൈറ്റില്‍ കഴിഞ്ഞകാലങ്ങളില്‍ ഇടവകയെ നയിച്ച വികാരിമാര്‍, ഇടവകാംഗങ്ങളായ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍, മാര്‍ മാത്യു കാവുകാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മഹാകവി പി.എം. ദേവസ്യ എന്നിവരെക്കുറിച്ചുള്ള വിവരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏവര്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള വെബ്സൈറ്റില്‍ പ്രവിത്താനം ഫൊറോനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വിശ്വാസത്തില്‍ മുന്നോട്ട് എന്ന ആപ്തവാക്യത്തെ അധിഷ്ഠിതമാക്കിയാണ് www. pravithanamchurch.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, ഫാ. ആന്റണി കൊല്ലിയില്‍, കൈക്കാരന്മാരായ മാത്യൂസ് ഏബ്രഹാം പുതിയിടം, സി.എ. ജിമ്മിച്ചന്‍ ചന്ദ്രന്‍കുന്നേല്‍, ജോണി ജോസഫ് പൈക്കാട്ട്, ജോഫ് തോമസ് വെള്ളിയേപ്പള്ളില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.