മാര്‍പാപ്പയുടെ വിയോഗം : വിശുദ്ധ കുർബാനയും വൈദികസമ്മേളനവും നടത്തി
1544809
Wednesday, April 23, 2025 7:11 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും മൃതിയടഞ്ഞവര്ക്കായുള്ള പ്രാര്‍ഥനയും നടത്തി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, അപ്പൊസ്തോലിക സ്ഥാനപതി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ആന്റണി എത്തയ്ക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. മാത്യു ചങ്ങങ്കരി, ഫാ. സ്കറിയ കന്യാകോണില്‍, ഫാ. ജോണ്‍ തെക്കേക്കര, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, അതിരൂപത-സന്യസ്തവൈദികര് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരണസന്ദേശം നല്കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മെത്രാപ്പോലീത്തന്പള്ളിയങ്കണത്തില് ഒരുക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഛായാചിത്രത്തിനു മുമ്പില്‍ നിലവിളക്കു തെളിച്ചു പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്നു നടന്ന വൈദികസമ്മേളനത്തില്‍ മെത്രാഭിഷേകത്തിന്റെ എട്ടാം വാര്‍ഷികമാഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, 80-ാം ജന്മദിനമാഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, 2024 ഡിസംബര്‍-2025 ജനുവരി മാസങ്ങളില്‍ പൗരോഹിത്യം സ്വീകരിച്ച നവവൈദികര്‍ എന്നിവര്‍ക്കു പൂക്കള്‍ നല്കി ആശംസകളറിയിച്ചു.
എംഎസ്ടി സന്യാസസമൂഹാംഗം ഫാ. ജോസഫ് ചെറിയമ്പനാട്ട് ഒഡീഷ മിഷനെക്കുറിച്ചു സമ്മേളനത്തിനു പരിചയപ്പെടുത്തി. ഫാ. തോമസ് വള്ളിയാനിപ്പുറം ബൈബിളിലെ പ്രവാചകരെക്കുറിച്ചു രചിച്ച പ്രവാചകര്‍ ദൈവികവിപ്ലവത്തിന്റെ തീപ്പന്തങ്ങള്‍ എന്ന പഠനഗ്രന്ഥം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിക്കു നല്കി പ്രകാശനം ചെയ്തു.