വിലങ്ങുപാറ-മരോട്ടിപ്പുഴ റോഡിൽ മാലിന്യം തള്ളുന്നതായി പരാതി
1545064
Thursday, April 24, 2025 6:48 AM IST
ളാക്കാട്ടൂർ: മണർകാട്, കൂരോപ്പട പഞ്ചായത്തുകളുടെ അതിർത്തിയായ വിലങ്ങുപാറ - മരോട്ടിപ്പുഴ റോഡിൽ പതിവായി മാലിന്യം തള്ളുന്നെന്നു പരാതി.
തോട്ടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള റോഡരികിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുകയാണ്.
പ്ലാസ്റ്റിക് കൂടുകളിൽ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ രാത്രി കുറുക്കനും നായ്ക്കളും ഉൾപ്പെടെയുള്ള ജീവികൾ ഇവ വലിച്ചു റോഡിലേക്ക് ഇടുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
മാസങ്ങൾക്കു മുൻപ് അറവുശാല മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഇവിടെ തള്ളിയിരുന്നു. ദുർഗന്ധം അസഹ്യമായതിനെത്തുടർന്ന് നാട്ടുകാർതന്നെ മറവു ചെയ്യുകയായിരുന്നു. റോഡിനു സമീപത്തൂടെയാണ് വിലങ്ങുപാറ തോട് ഒഴുകുന്നത്. മാലിന്യങ്ങൾ ഒഴുകി തോട്ടിൽ പതിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു വഴിയ്ക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.