പോലീസ് മർദനം: വീഡിയോ ക്ലിപ്പ് കോടതിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
1544865
Wednesday, April 23, 2025 11:57 PM IST
എരുമേലി: ടൗണിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ റിമാൻഡിലായ എരുമേലി മറ്റന്നൂർക്കര പാടിക്കൽ റഫീഖ് (44), മകൻ അജാസ് (21), സുഹൃത്ത് ഇരുമ്പൂന്നിക്കര പാലയ്ക്കൽ അനന്ദു ബാബു (22) എന്നിവരുടെ ജാമ്യപേക്ഷ ഇന്നു പരിഗണിക്കും.
സ്റ്റേഷനിൽവച്ചു മൃഗീയമായി മർദിച്ചെന്നു പ്രതി അജാസ് കോടതിയിൽ അറിയിച്ചതിനെത്തുടർന്ന് രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. പോലീസ് മർദനത്തിന്റെ തെളിവായ വീഡിയോ ക്ലിപ്പ് കോടതി പരിശോധനയ്ക്കു വാങ്ങിയെന്നും തുടർന്നാണ് ജാമ്യ അപേക്ഷയിൽ ഇന്നു തീർപ്പ് അറിയിക്കുമെന്നു കോടതി വ്യക്തമാക്കിയതെന്നും പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് ഹാരിസ് പറഞ്ഞു.
സ്റ്റേഷനിൽ വച്ച് മർദിച്ചു എന്നതു സംബന്ധിച്ച് പോലീസ് വകുപ്പിനുള്ളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മണിമല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലെ കാമറ ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കി ജില്ലാ പോലീസ് മേധാവിക്കു റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ. അതേസമയം, മർദനം സംബന്ധിച്ചു പോലീസിനെതിരേ പരാതി ലഭിച്ചിട്ടില്ലെന്നും വകുപ്പുതലത്തിൽ നടക്കുന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ അറിയിച്ചു.
പോലീസ് മർദനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു പ്രതികളിൽ അജാസിന്റെ മാതാവ് ഇന്നലെ എരുമേലി സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും എസ്എച്ച്ഒ അവധിയിലായതിനാൽ പരാതി സ്വീകരിച്ചില്ല. പ്രതികളിൽ ഒരാൾ സിവിൽ പോലീസ് ഓഫീസർ അൻഷു സുലൈമാനെ കഴുത്തിനു താഴെ പോറൽ ഏൽപ്പിച്ചെന്നു പ്രതികളുടെ ജാമ്യ അപേക്ഷയുടെ ഹിയറിംഗിൽ പോലീസ് കോടതിയിൽ അറിയിച്ചിരുന്നു.
മുറിവ് കഴുത്തിൽ ആയിരുന്നുവെങ്കിൽ മരണംവരെ സംഭവിക്കാമെന്നാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചത്. ഇതു മുൻനിർത്തി വധശ്രമ വകുപ്പ് കൂടി കേസിൽ ചുമത്തിയിട്ടുണ്ട്. എന്നാൽ, പിടിവലിക്കിടെ പ്രതികളിൽ ഒരാളുടെ ആഭരണത്തിലെ ലോക്കറ്റ് കൊണ്ട് പോറലുണ്ടായതാണെന്നും ഇതു വധശ്രമമായി കണക്കാക്കാവുന്നതല്ലെന്നും അഡ്വ. മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇരു വിഭാഗം തമ്മിൽ സംഘർഷം ഉണ്ടായതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് പോലീസ് കോടതിയിൽ അറിയിച്ചത്.
എന്നാൽ, പോലീസ് കേസെടുത്തത് ഒരു വിഭാഗത്തിൽപ്പെട്ടവർക്കെതിരേ മാത്രമാണെന്നു പ്രതിഭാഗം പറഞ്ഞു. ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന പോലീസ് ഓഫീസറും മർദിച്ചെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. പ്രതികളിൽ അജാസ് കാക്കനാട് ചിൽഡ്രൻസ് ഹോമിലും മറ്റു രണ്ടു പേരെ പൊൻകുന്നം സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.