യുവാവിനെയും ബന്ധുവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ
1544806
Wednesday, April 23, 2025 7:11 AM IST
തലയോലപ്പറമ്പ്: ക്ഷേത്രോത്സവത്തിനു ബന്ധുവിന്റെ കൂടെ ബൈക്കില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി കമ്പിവടി ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.
ബ്രഹ്മമംഗലം വൈപ്പാടമ്മേല്‍ പനച്ചാംതറ സ്വദേശി രാഹുല്‍ (31), ഇയാളുടെ സുഹൃത്തും സമീപവാസിയുമായ അനുരാജ് (39) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. ഈ മാസം 10ന് രാത്രി 10.30ന് ബ്രഹ്മമംഗലം മണക്കാട്ടുചിറ ഭാഗത്താണ് ആക്രമണം നടന്നത്. അരയന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്ന ബ്രഹ്മമംഗലം കൃഷ്ണന്‍തുരുത്ത് സ്വദേശി ദേവദാസ് (21), ഇയാളുടെ ബന്ധു അഭിജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
സംഭവം തടയാന്‍ ശ്രമിച്ച ഇവരുടെ സുഹൃത്തുക്കളായ അഭിരാജ്, അലന്, ആദിത്ത്, വിശാഖ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
പരിക്കേറ്റ ദേവദാസ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രദേശത്തെ ക്ലബിന്റെ കാവടി ഘോഷയാത്രയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് രാഹുലിനെ ക്ലബ് ഭാരവാഹികൂടിയായ ദേവദാസ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍നിന്ന് മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.