വാഴൂർ റോഡിൽ മാന്തുരുത്തി ഭാഗത്ത് അപകടങ്ങൾ പതിവ്; സുരക്ഷ ഒരുക്കാതെ അധികൃതർ
1545080
Thursday, April 24, 2025 6:56 AM IST
മാന്തുരുത്തി: കറുകച്ചാൽ -വാഴൂർ റോഡിലെ കോക്കുന്നേൽപ്പടി, ആഴാംചിറ, മാന്തുരുത്തി കുരിശുകവല ഭാഗങ്ങളിൽ അപകടങ്ങൾ പതിവായിട്ടും സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആക്ഷേപം. മാന്തുരുത്തി കുരിശുകവല മുതൽ നെടുംകുന്നം നോർത്ത് 12 -ാം മൈൽ വരെയുള്ള മുക്കാൽ കിലോമീറ്ററോളം ഭാഗത്ത് ഉണ്ടായ അപകടങ്ങൾ നിരവധിയാണ്.
കൊടുംവളവുകളും റോഡ് നിർമാണത്തിലെ അപാകതകളും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. ആഴാംച്ചിറപ്പടി, കോക്കുന്നേൽപ്പടി, ചേർക്കോട്ട് ഭാഗം തുടങ്ങിയ ഭാഗങ്ങളിൽ കൊടുംവളവാണ്. ഇവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ നിലവിലില്ല.
കുരിശുകവലയിലെ അപകടങ്ങൾക്കു കാരണം റോഡിലെ വഴുക്കലും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ്. കോക്കുന്നേൽപ്പടിയിൽ കഴിഞ്ഞദിവസം കാർ ബസിലിടിച്ച് കാർ യാത്രികരായ സഹോദരങ്ങൾക്കു സാരമായ പരിക്കേറ്റിരുന്നു. ആറുമാസം മുന്പ് ഇതേ സ്ഥലത്ത് ദിശതെറ്റിയെത്തിയ കാർ ബസിലിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവറും മരിച്ചിരുന്നു.
കോക്കുന്നേൽപ്പടി മുതൽ മാന്തുരുത്തി വരെ റോഡിനു വളവുകളും ചെറിയ ഇറക്കവുമാണ് . ഇരുഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നല്ല വേഗത്തിലുമായിരിക്കും. ആഴാംചിറ വളവിൽ ദിശതെറ്റിയെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. അപകടം പതിവായ കോക്കുന്നേൽപ്പടി-പന്ത്രണ്ടാംമൈൽ ഭാഗത്ത് റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറഞ്ഞു.
ആഴാംചിറ ഭാഗത്തും കുരിശുകവലയിലും കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാമ്പാടി റോഡിൽനിന്നു വാഴൂർ റോഡിലേക്ക് തിരിയുന്ന കുരിശുകവലയിൽ യെല്ലോ ബോക്സും റംബിൾ സ്ട്രിപ്പുകളും വേണമെന്നാണ് ഡ്രൈവർമാർ പറയുന്നത്.