ഒറ്റ വീഡിയോ കോളിൽ മലയാളിമനസ് കീഴടക്കി...
1544403
Tuesday, April 22, 2025 5:30 AM IST
ചങ്ങനാശേരി: വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി (96)യെ വീഡിയോ കോളില്‍ വിളിച്ച് സന്തോഷം പങ്കുവച്ച് ജന്മദിനാശംസ നേര്‍ന്നതിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ മലയാളികളുടെ പ്രത്യേകിച്ച് ചങ്ങനാശേരിക്കാരുടെ മനസില്‍ ഇടംനേടിയത്.
2023 സെപ്റ്റംബര്‍ രണ്ടിനായിരുന്നു അപ്രതീക്ഷിതമായി പാപ്പായുടെ വീഡിയോകോള്‍ ശോശാമ്മ ആന്റണിയെ തേടിയെത്തിയത്. കര്‍ദിനാള്‍ മാർ ജോര്‍ജ് കൂവക്കാട്ടിന്റെ മുത്തശിയോടും കുടുംബത്തോടും മാര്‍പാപ്പ നടത്തിയ വീഡിയോകോള്‍ സംഭാഷണമാണ് കേരളക്കരയിലെ വിശ്വാസികളുടെ മനസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇടംനല്‍കിയത്.
അന്നു മാര്‍പാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിക്കുന്ന വൈദികനായിരുന്നു ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമായ ഫാ. ജോര്‍ജ് കൂവക്കാട്ട്. പിന്നീട് അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാളായി നിയമിച്ചു.
പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയിരിക്കേ മംഗോളിയയിലേക്കുള്ള യാത്രാമധ്യേ വല്ല്യമ്മച്ചിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാര്‍പാപ്പയുമായി ഫാ. ജോര്‍ജ് കൂവക്കാട്ട് സംസാരിച്ചിരുന്നു. പിന്നീടാണ് വീഡിയോ കോളില്‍ മാര്‍പാപ്പ ശോശാമ്മയുമായി സംസാരിച്ചത്. കര്‍ദിനാള്‍ കൂവക്കാട്ടിന്റെ അമ്മ ലീലാമ്മയുടെ അമ്മയാണ് ശോശാമ്മ. ആഗോള കത്തോലിക്കാ സഭയുടെ തലവനായിരിക്കുമ്പോഴും ലാളിത്യം നിറഞ്ഞ ജീവിതമാണു തന്റേതെന്നു തെളിയിക്കുന്നതായിരുന്നു ആ ഫോണ്‍വിളി.
"സുപ്രഭാതം' എന്നര്‍ഥം വരുന്ന "ബൊഞ്ചോര്‍ണോ' എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ അഭിസംബോധന ചെയ്താണു മാര്‍പാപ്പ സംസാരിച്ചു തുടങ്ങിയത്. വീഡിയോ കോള്‍ നാലു മിനിറ്റ് നീണ്ടു. മാര്‍പാപ്പ മുത്തശിയെ അനുഗ്രഹിക്കുകയും പിന്നീട് കൈവീശി കാണിക്കുകയും ചെയ്തു. മറ്റു കുടുംബാംഗങ്ങളെ പരിചയപ്പെടുകയും ചെയ്താണു കോള്‍ അവസാനിപ്പിച്ചത്. ശോശാമ്മയ്ക്കൊപ്പം മകന് ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകളവുമുണ്ടായിരുന്നു. ആ വീഡിയോ കോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
പിന്നീട് ശോശാമ്മയുടെ വിയോഗവേളയിൽ മാര്‍പാപ്പ അനുശോചനവും അറിയിച്ചിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മാതാപിതാക്കളുടെ 50-ാം വിവാഹവാര്‍ഷിക വേളയില്‍ 2022ല്‍ ഇരുവരെയും കര്‍ദിനാള്‍ കൂവക്കാട് വത്തിക്കാനിലേക്കു കൊണ്ടുപോയിരുന്നു. മാര്‍പാപ്പയെ കാണാനുള്ള അനുമതി മുന്‍കൂട്ടി വാങ്ങിയിരുന്നില്ലെങ്കിലും ഇവർക്ക് പാപ്പായെ കാണാനായത് വലിയ സന്തോഷത്തിനിടയാക്കി.
മാര്‍ കൂവക്കാട്ടിനെ കര്‍ദിനാളായി നിയോഗിച്ച ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കളും ചങ്ങനാശേരി അതിരൂപതാംഗങ്ങളും അല്മായ സംഘടനാ പ്രതിനിധികളും മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
അടുത്ത വര്‍ഷം മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കുമെന്നു കരുതിയിരിക്കേയാണ് വിയോഗം. മാര്‍പാപ്പയ്ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് അതീവ താത്പര്യമുണ്ടെന്നും ഇതിനുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുണ്ടെന്നും കര്‍ദിനാളായി നിയമിതനായ മാര്‍ ജോര്‍ജ് കൂവക്കാട്ട് ദീപികയോടു പങ്കുവച്ചിരുന്നു.
ബെന്നി ചിറയില്‍