ചൂണ്ടച്ചേരിയില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
1544867
Wednesday, April 23, 2025 11:57 PM IST
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിന്റെ ചൂണ്ടച്ചേരിയിലുള്ള ആയുര്‍വേദ ആശുപത്രി ഭാഗത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രിയില്‍ മെഡിക്കല്‍ ഓഫീസറുടെ മുറിയുടെ ജനലിന്റെ ബോര്‍ഡുകള്‍ എറിഞ്ഞുപൊട്ടിച്ചു. നേരത്തെ ചില്ലുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ബോര്‍ഡ് കൊണ്ട് മറച്ച ഭാഗമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്.
ടൗണില്‍നിന്ന് ഉള്ളിലേക്കു മാറി ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് ലഹരി ഉപയോഗിക്കുന്നവര്‍ തമ്പടിക്കുന്നതായി ആക്ഷേപമുണ്ട്. ആയുര്‍വേദ ആശുപത്രിക്കു പുറമേ വെറ്ററിനറി സബ്സെന്ററും അങ്കണവാടിയും ഇവിടെയുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം സാമൂഹ്യവിരുദ്ധരുടെ താവളങ്ങളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അങ്കണവാടിക്കുള്ളിലേക്ക് മാലിന്യം വാരിയിട്ട സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വെറ്ററിനറി സബ് സെന്ററിന്റെ ജനലുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞു പൊട്ടിച്ച നിലയിലാണ്.
ചുറ്റും തറയോടുകള്‍ പാകി മനോഹരമാക്കിയ ആശുപത്രി പരിസരവും പിന്‍വശവുമാണ് സാമൂഹ്യവിരുദ്ധരെ ആകര്‍ഷിക്കുന്നത്. ഭക്ഷണവും മദ്യവുമായെത്തി ഇവിടെയിരുന്ന് കഴിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പരിസരമാകെ വിതറി മടങ്ങുന്നതും ആശുപത്രി ജീവനക്കാരെ വലയ്ക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ചിലരാണ് പ്രശ്നങ്ങള്ക്കിടയാക്കുന്നതെന്നു പറയപ്പെടുന്നു.
പാലാ പോലീസ് ചില ദിവസങ്ങളില്‍ പട്രോളിംഗിനെത്താറുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരെ പിടികൂടാനായില്ല. സംഭവത്തില്‍ പരാതി മെയില്‍ ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പറഞ്ഞു.