വൈക്കത്ത് പ്രളയപ്രതിരോധ മോക് ഡ്രില്‍ സംഘടിപ്പിച്ചു
1545075
Thursday, April 24, 2025 6:56 AM IST
വൈക്കം: പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, കില എന്നിവ സംയുക്തമായി വൈക്കം താലൂക്കിലെ ഉദയനാപുരം പഞ്ചായത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ആറ്റുവേലക്കടവിലാണ് മോക് ഡ്രില്‍ നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയാറെടുപ്പും കാര്യശേഷിയും വര്‍ധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളില്‍ റീ- ബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രില്‍ നടത്തിയത്.
വൈക്കം നഗരസഭ, ഉദയനാപുരം, മറവന്തുരുത്ത്, വെച്ചൂര്‍, തലയാഴം, ടിവി പുരം, ചെമ്പ് , തലയോലപ്പറമ്പ്, മുളക്കുളം, കടുത്തുരുത്തി,കല്ലറ, വെള്ളൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോക് ഡ്രില്ലാണ് സംഘടിപ്പിച്ചത്. പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ഇബി, ജല അഥോറിറ്റി, തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണു നടന്നത്.
വൈക്കം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ജയന് ഓണ്‍ സൈറ്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍ ആയി പ്രവര്‍ത്തിച്ചു. അഗ്നിരക്ഷാസേനയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ ടി. പ്രതാപ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് കെ.പി. പ്രജീഷ്, ആരോഗ്യ വകുപ്പില്‍നിന്ന് ഡോ. അലക്സ് തോമസ്, ഡോ. എന്‍.ജി. ജയലാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.