ഫ്രാൻസിസ് മാർപാപ്പയെ ആദരപൂർവം അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ
1544528
Tuesday, April 22, 2025 10:40 PM IST
കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയൻ കോളജിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന വൈദികദിനം ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണ യോഗമായാണ് നടത്തപ്പെട്ടത്. മാർ ജോസ് പുളിക്കൽ ഒപ്പീസ് ചൊല്ലി.
ആർദ്രതയോടെ സഭാ നൗകയെ നയിക്കുകയും സുവിശേഷത്തിന്റെ സന്തോഷം ധീരമായി പങ്കുവയ്ക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പ ക്രൈസ്തവ ശിഷ്യത്വത്തിന്റെ നല്ല മാതൃകയായിരുന്നുവെന്ന് മാർ ജോസ് പുളിക്കൽ വൈദികർക്ക് നൽകിയ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷ നടത്തപ്പെടുന്ന ശനിയാഴ്ച രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് നടത്തുകയും ചെയ്യേണ്ടതാണെന്നും അന്നേ ദിവസം രൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധിയായിരിക്കുമെന്നും മാർ ജോസ് പുളിക്കൽ അറിയിച്ചു.
പ്രോട്ടോസിഞ്ചല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ സന്ദേശം നൽകി. സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തി. രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ റവ.ഡോ. മാത്യു ശൗര്യാംകുഴി, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് പേഴുംകാട്ടിൽ, മരിയൻ കോളജിലെ വൈദികർ എന്നിവർ നേതൃത്വം നൽകി.