കോട്ടയം നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത ക്രമീകരണം
1545069
Thursday, April 24, 2025 6:48 AM IST
കോട്ടയം: സംസ്ഥാന സർക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായ “എന്റെ കേരളം പ്രദര്‍ശന വിപണന മേള’’യുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി കോട്ടയം നഗരത്തില്‍ ഇന്നു മൂന്നുമുതല്‍ അഞ്ചുവരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, കുരിശുപള്ളി വഴി അറുത്തൂട്ടി ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞു ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോവുക.
കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക.
എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴനിന്നു വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടു പോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
എംസി റോഡ് നാഗമ്പടത്തുനിന്നു വരുന്ന വാഹനങ്ങള്‍ സീസേഴ്സ് ജംഗ്ഷന്, റെയില്‍വേ സ്റ്റേഷന്, ലോഗോസ് വഴി ചന്തക്കവലയിലെത്തി എംഎല് റോഡിലൂടെ കോടിമത ഭാഗത്തേക്കു പോവുക. കഞ്ഞിക്കുഴിക്ക് പോകേണ്ട വാഹനങ്ങള്‍ റെയിൽവേ സ്റ്റേഷന് വഴി ലോഗോസിലെത്തി പോവുക.
ഏറ്റുമാനൂരിൽനിന്നു വരുന്ന വലിയ വാഹനങ്ങള്‍ ഗാന്ധിനഗറില്‍നിന്നു തിരിഞ്ഞ് ചുങ്കം, ചാലുകുന്ന്, അറുത്തൂട്ടി വഴി തിരുവാതുക്കല്‍ എത്തി സിമെന്റ് കവലവഴി പോവുക.കുമരകം ഭാഗത്തു നിന്നുവരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സീസേഴ്സ് ജംഗ്ഷന് വഴി വലത്തേക്കു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.
നാഗമ്പടം സ്റ്റാന്‍ഡില്‍നിന്നു കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്കു പോകേണ്ട ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്ക് പോവുക. കെകെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴി പോവുക.
ആര്.ആര്. ജംഗ്ഷനില്‍നിന്നുള്ള എല്ലാ വാഹനങ്ങളും തിരുനക്കര സ്റ്റാന്‍ഡുവഴി ചിത്രാ സ്റ്റുഡിയോയുടെ മുന്‍വശത്തുകൂടി ബേക്കര്‍ ജംഗ്ഷനിലെത്തി പോവുക. കുമരകം റോഡിലൂടെ വരുന്ന എല്ലാ വാഹനങ്ങളും ബേക്കര്‍ ജംഗഷനില്‍ നിന്നും എം.സി. റോഡ് സീസേഴ്സ് ജംഗ്ഷനിലെത്തി നാഗമ്പടം വഴി പോവുക.
കെകെ റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ഒഴികെയുള്ള ബസുകള്‍ കളക്ടറേറ്റ് ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് ലോഗോസ് വഴി നാഗമ്പടം സ്റ്റാന്‍ഡിലേക്കും അവിടെനിന്നു തിരികെ മുന്‍സിപ്പല്‍ പാര്‍ക്കിനു മുന്‍വശത്തുവന്ന് ഇടത്തേക്കു തിരിഞ്ഞ് ലോഗോസ് ജംഗ്ഷന് വഴിയും പോകേണ്ടതാണ്.