നാടക ശില്പശാല
1544529
Tuesday, April 22, 2025 10:40 PM IST
പാലാ: അന്തരിച്ച അധ്യാപകന് എം.എസ്. ശശിധരന്, കലാകാരന് പ്രഭ പാലാ എന്നിവരുടെ സ്മരണാര്‍ഥം തിയറ്റര്‍ ഹട്ടിന്റെ നേതൃതത്തില്‍ പാലാ മുനിസിപ്പല്‍ ആര്‍മി, മുനിസിപ്പല്‍ കള്‍ച്ചറല്‍ ക്ലബ് എന്നിവയുടെ സഹകരണത്തില്‍ കുഞ്ഞരങ്ങ് എന്ന പേരില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ നാടക ശില്പശാല നടക്കും. മേയ് മൂന്നുമുതല്‍ 12 വരെ പാലാ ആര്‍വി ലൈബ്രറിയിലാണ് ശില്പശാല നടക്കുക. മീനച്ചില്‍ താലൂക്കിലെ അഭിനയ അഭിരുചിയുള്ള എട്ടുമുതല്‍ 11 വയസു വരെയുള്ള 20 കുട്ടികള്‍ക്കാണ് പ്രവേശനം. പാലായില്‍ നടക്കുന്ന പാലം 2025 എന്ന സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായാണ് ശില്പശാല നടക്കുന്നത്.
അഭിനയം, സര്‍ഗാത്മക വികസന കളികള്‍, കളിമണ്‍ ശില്പ നിര്‍മാണം, വാസ്തുവിദ്യാ പരിശീലനം, പ്രകൃതി സംരക്ഷണം, നടത്തം, കരകൗശല നിര്‍മാണം, കുട്ടികളുടെ നാടകാവതരണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് കുഞ്ഞരങ്ങ്. കുട്ടികളെ കലുഷിതമാക്കുന്ന ലഹരികളില്നിന്നു വഴിമാറ്റി അവര്‍ക്ക് കലകളില്‍ പ്രായോഗിക പരിശീലനങ്ങള്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ശില്പശാലയില് നടക്കും.
ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ, തിരുവനന്തപുരം ഫൈന്‍ ആർട്സ് കോളജ്, കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും പ്രശസ്ത കലാകാരന്മാരും നാടോടി കലാകാരന്മാരും ക്ലാസുകള്‍ നയിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 30ന് മുന്‍പ് 9496024650, 9676145161 ഫോൺ നന്പരിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.