നഗരം ഞെട്ടിത്തരിച്ചു ; പ്രതിയുടേത് ആസൂത്രിതനീക്കം
1544563
Tuesday, April 22, 2025 11:47 PM IST
കോട്ടയം: കോട്ടയത്ത് ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ് നഗരവാസികള്‍ ഞെട്ടിത്തരിച്ചു. കൂറ്റന്‍ മതിലും സിസിടിവി കാമറകളും സെക്യൂരിറ്റി ജീവനക്കാരനുമുള്ള വീട്ടിലാണ് വീട്ടുടമയെയും ഭാര്യയെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ വലിയ വീടിന്റെ ഒരു വശത്ത് രാവും പകലും വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന വഴിയാണ്. മറ്റൊരു വശത്ത് ക്ഷേത്രത്തിലേക്കും നിരവധി വീടുകളിലേക്കും എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന വഴിയുമാണ്. പിന്‍വശത്തു മാത്രമാണ് വീടുകളുള്ളത്. രണ്ടു വശത്തെ റോഡില്‍നിന്നു നോക്കിയാലും വീടിന്റെ മതില്‍ക്കെട്ടിനുള്ളിലെ കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല.
എപ്പോഴും തിരക്കുള്ള റോഡില്‍നിന്നും മറ്റൊരു വശത്തെ ഇടറോഡില്‍നിന്നും വീടിന്റെ മതില്ക്കെട്ടിനുള്ളിലേക്കു കടന്നുകയറാന്‍ അസാമാന്യ മെയ്വഴക്കം ആവശ്യമാണ്. അക്രമി പിന്‍വശത്തെ മതില് ചാടിക്കടന്നുവെന്നാണ് നിഗമനം. സുരക്ഷാ ജീവനക്കാരന് ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേള്‍വിക്കുറവുമുള്ള ഇയാള്‍ വിവരമറിഞ്ഞത് നാട്ടുകാര്‍ക്കൊപ്പം മാത്രമാണെന്നും പോലീസ് പറയുന്നു.
കോട്ടയം നഗരത്തില്‍ തിരുനക്കരയ്ക്കുസമീപം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെയും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ചീഫ്
കോട്ടയം: ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരികയാണ്. പ്രതി പ്രധാന വാതില്‍ തുറന്നാണ് അകത്തു കയറിയതെന്നാണ് സംശയിക്കുന്നത്. സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തി. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയില്നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സിസിടിവി ഡിവിആര്‍ കാണാനില്ലെന്നും കൊലപാതകത്തില്‍ പ്രഫഷണല്‍ ശൈലി കാണുന്നില്ലെന്നും പോലീസ് ചീഫ് പറഞ്ഞു.
സിസി ടിവി പരിശോധിക്കുന്നു
കോട്ടയം: പ്രതിയെ വലയിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ്. മുമ്പ് ഇതേ വീട്ടില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശി അമിതിനെ കേന്ദ്രീകരിച്ചാണ് പ്രധാന തെരച്ചില്‍.
കൊലപാതകത്തിനുശേഷം ഇയാള്‍ നാടുവിടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. വീടിനുള്ളില്‍നിന്നും കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം ടിക്കറ്റ് ലഭിച്ചതായി സൂചനയുണ്ട്. രാത്രി എട്ടിനുശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിച്ചശേഷം അര്‍ധരാത്രിയോടെ തിരുവാതുക്കലിലെത്തി വീടിന്റെ മതില് ചാടിക്കടന്നു കൊലപാതകം നടത്തിയെന്നാണ് നിഗമനം. വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഡിവിആര്‍ മോഷ്ടിച്ചെങ്കിലും തൊട്ടടുത്ത വീടുകളിലെയും വഴിയോരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
റെയില്‍വേ സറ്റേഷനില്‍ നിന്നും പ്രതി വളരെ പെട്ടെന്ന് തിരുവാതുക്കലിലെത്താന് സാധിക്കുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കൊലപാതകത്തിനുശേഷം പ്രതി നഗരത്തില്‍ എത്തിയാണ് രക്ഷപ്പെട്ടതെന്നും കണക്കുകൂട്ടുന്നു. സമീപത്തുള്ള സിസിടിവികളുടെ രാവിലെ വരെയുള്ള ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
ജില്ലയെ നടുക്കിയ ഇരട്ടക്കൊലകള്‍ പലത്
കോട്ടയം: കോട്ടയത്തെ നടുക്കി വീണ്ടും ഇരട്ടക്കൊലപാതകം. താഴത്തങ്ങാടി, പഴയിടം, പാറമ്പുഴ, തിരുവഞ്ചൂര്‍, നാഗമ്പടം ഇരട്ടക്കൊലപാതകങ്ങളും ഒരു വീട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ ജില്ലയെ ഭീതിയിലാഴ്ത്തിയ കൊലപാതകങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.
2003-ൽ ആണ് നാഗമ്പടത്ത് ഒഡീഷ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശികളും നാഗമ്പടം കൈനറ്റിക് റബേഴ്സ് ഉടമകളുമായ ശ്രീധര്‍, ഭാര്യ സ്വരജലക്ഷ്മി എന്നിവരാണു കൊലപ്പെട്ടത്. നാട്ടിലേക്കു പോകാന്‍ അവധി നല്‍കാത്തതിലുള്ള പ്രതികാരത്തില്‍ ആസാം സ്വദേശികളായ തൊഴിലാളികളാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
പാറമ്പുഴയില്‍ ദമ്പതികളെയും മകനെയും ഉത്തര്‍പ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളി കൊലപ്പെടുത്തിയത് 2015 മേയ് 16നാണ്. മോസ്കോ മൂലേപ്പറമ്പില്‍ ലാലസൻ, ഭാര്യ പ്രസന്നകുമാരി, പ്രവീണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ലാലസന്റെ അലക്കുകമ്പനിയിലെ ജീവനക്കാരനായ നരേന്ദര്കുമാറായിരുന്നു പ്രതി. ഈ കേസില്‍ നരേന്ദറിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
മണിമലയ്ക്കു സമീപം പഴയിടത്ത് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വയോധിക ദമ്പതികളെ ബന്ധു കൊലപ്പെടുത്തിയത് 2013 ഓഗസ്റ്റിലായിരുന്നു. ഈ കേസിലും പ്രതി അരുണ്‍കുമാറിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ എം.എ. അബ്ദുള്‍ സാലി, ഭാര്യ ഷീബ എന്നിവര്‍ കൊല്ലപ്പെട്ടത് 2020 ജൂണ്‍ ഒന്നിനാണ്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലായിരുന്നു പ്രതി. മോഷണമായിരുന്നു കൊലപാതകത്തിനു പിന്നിലെ കാരണം.
വൈക്കത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയത് 2024 നവംബറില്‍. മറവന്തുരുത്ത് സ്വദേശി ശിവപ്രിയ, മകള്‍ ഗീത എന്നിവരാണു കൊല്ലപ്പെട്ടത്. പ്രതിയായ മരുമകന് നിധീഷ് പിന്നീട് പോലീസില്‍ കീഴടങ്ങി. കേസില്‍ വിചാരണ നടന്നുവരികയാണ്. തിരുവഞ്ചൂരില്‍ മോഷണത്തിനായി വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് രണ്ടു പതിറ്റാണ്ടു മുമ്പാണ്. തിരുവഞ്ചൂര്‍ ഇടശേരില്‍ പാപ്പച്ചന്, ഭാര്യ ഏലിയാമ്മ എന്നിവരെ 2004ല്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടിലെ തെങ്ങുകയറ്റക്കാരനിലേക്ക് കേസ് നീങ്ങിയെങ്കിലും ഇയാളെ സമീപത്തെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കാരിത്താസ് ജംഗ്ഷനിൽ പോലീസുകാരനെ ചവിട്ടിക്കൊലപ്പെടുത്തിയതും ഗുണ്ടാനേതാവ് യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടുവന്നിട്ടതുമൊക്കെ സമീപകാലത്തു ജില്ലയിലുണ്ടായ കൊലപാതകങ്ങളാണ്.
അന്വേഷണം ആസാം
സ്വദേശി അമിത്തിലേക്ക്
കോട്ടയം: കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ അന്വേഷണം ആസാം സ്വദേശി അമിത്തിലേക്ക്. നേരത്തെ ഇതേവീട്ടില് ജോലി ചെയ്തിരുന്ന അമിത് വീട്ടില്‍നിന്നും ഇവരുടെ ഐഫോണ്‍ മോഷ്ടിച്ചിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചു വിജയകുമാറും ഭാര്യയും പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമിത്തിനെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. അതിക്രൂരമായാണ് ഇരുവരെയും കൊലചെയ്തിരിക്കുന്നത്.
പ്രതി അകത്തു കടന്നത്
ജനലില്‍ ദ്വാരം ഉണ്ടാക്കി
കോട്ടയം: പ്രതി വീടിനകത്തു കടന്നത് ജനലില്‍ ദ്വാരം ഉണ്ടാക്കിയെന്ന് പോലീസ്. വാതിലിനോട് ചേര്‍ന്ന ജനാലയില്‍ ദ്വാരമുണ്ടാക്കി, ജനാലയും വാതിലിന്റെ കൊളുത്തും തുറന്നാണു പ്രതി ഉള്ളില്‍ കടന്നതെന്നാണ് നിഗമനം. റിമോട്ട് ഉപയോഗിച്ചു തുറക്കുന്ന ഗേറ്റുള്ള വീടിന്റെ മതില് ചാടിക്കടന്നു കൊലപാതകി അകത്ത് കടന്നുവെന്നാണ് സംശയിക്കുന്നത്. ജനല്‍ ഗ്ലാസ് കട്ടര്‍ ഉപയോഗിച്ച് വൃത്താകൃതിയില്‍ മുറിച്ചുമാറ്റി. ഇതിനുശേഷം ജനല്‍ പാളി തുറന്ന് വാതിലിന്റെ കുറ്റി എടുത്തതായി സംശയിക്കുന്നു. വിജയകുമാറിന്റെ മൃതദേഹം വിവസ്ത്രമായാണു കിടന്നത്. തലയില്‍ കോടാലി ഉപയോഗിച്ചു വെട്ടിയാണു കൊലപ്പെടുത്തിയിരിക്കുന്നത്.
ഭാര്യ ഡോ. മീരയുടെ മൃതദേഹം തൊട്ടടുത്ത കിടപ്പുമുറിയിലാണു കണ്ടെത്തിയത്. മീരയുടെ മൃതദേഹത്തില്‍ മുഖത്ത് മുറിവുണ്ട്. ഇവരുടെ മുഖവും ശരീരവും തലയണയും തുണിയും ഉപയോഗിച്ചു മറച്ചിട്ടുണ്ട്.വീടിനുള്ളില്‍ കടന്ന പ്രതി ആദ്യം മീരയെയും പിന്നീട് വിജയകുമാറിനെയെും കൊലപ്പെടുത്തിയെന്നാണ് സൂചന.
വിജിലന്‍സും അന്വേഷണം തുടങ്ങി
കോട്ടയം: ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനൊപ്പം വിജിലന്‍സും അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട വിജയകുമാര്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ സ്വദേശത്തും വിദേശത്തും നിരവധി ബിസിനസുകള്‍ നടത്തിയിരുന്നു. അതിനാല്‍ അടുത്ത നാളില്‍ വിജയകുമാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. വിജയകുമാറും ഭാര്യയും അയല്‍ക്കാരുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. മിലിട്ടറിയിലായിരുന്ന വിജയകുമാര്‍ പിന്നീട് വിദേശത്ത് പോയി മടങ്ങിയെത്തി നാട്ടില്‍ ബിസിനസ് ആരംഭിക്കുകയായിരുന്നു.
വ്യക്തി വൈരാഗ്യമെന്ന് ഉറപ്പിച്ച് പോലീസ്
കോട്ടയം: വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ്. പ്രാഥമിക നിരീക്ഷണത്തില്‍ത്തന്നെ വീടിനെക്കുറിച്ച് നല്ല അറിവുള്ളയാളാണ് കൃത്യം നടത്തിയതെന്നും വ്യക്തമായി. കൊലയ്ക്ക് ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസില്‍ നിന്നാണ് കണ്ടെടുത്തത്. വാതില്‍ തകര്‍ക്കാനാണ് അമ്മിക്കല്ല് കൊണ്ടുവന്നതെന്ന് കരുതുന്നു. കോട്ടയത്തും വിദേശത്തും നിരവധി ബിസിനസ് സംരംഭങ്ങളും റിയല്‍ എസ്റ്റേറ്റ് ബിസിനസുമുള്ള വിജയകുമാറിനു ശത്രുക്കളുണ്ടാവുക സ്വഭാവികമാണ്. ഇതു കണക്കിലെടുത്തും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
കിണറ്റിലെ വെള്ളം വറ്റിക്കും
കോട്ടയം: ഇരട്ടക്കൊലപാതകം നടന്ന വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം വറ്റിച്ചു പോലീസ് പരിശോധന നടത്തും. ദമ്പതികളുടെ വീട്ടില്‍നിന്നും മൂന്നു മൊബൈല്‍ ഫോണുകള്‍ കാണാതായിട്ടുണ്ട്. മൂന്നു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇത് കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്.