വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു
1544861
Wednesday, April 23, 2025 11:57 PM IST
അരുവിത്തുറ: അരുവിത്തുറ വല്യച്ചന്റെ തിരുനാളിന്റെ ഭാഗമായി വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയോടുള്ള ബഹുമാനാർഥം വാദ്യമേളങ്ങളും കരിമരുന്നും ഒഴിവാക്കിയായിരുന്നു തിരുസ്വരൂപ പ്രതിഷ്ഠ.
ലളിതമായി ആഘോഷിക്കുന്ന തിരുനാളിൽ വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് ഇന്നലെ എത്തിയത്. ഉച്ചകഴിഞ്ഞ് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് നടത്തിയ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റുമായി പരിമിതപ്പെടുത്തി.
ഇന്നു രാവിലെ 5.30നും 6.45നും എട്ടിനും, വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. 12.30ന് വാദ്യമേളങ്ങളും കരിമരുന്നും ഒഴിവാക്കി പ്രദക്ഷിണം.
തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന. നാളെ ഇടവകക്കാരുടെ തിരുനാൾ ദിനത്തിൽ രാവിലെ 5.30 നും 6.45 നും എട്ടിനും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. രാത്രി ഏഴിനു തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും.