മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നാളെ തുറന്നേക്കും
1544794
Wednesday, April 23, 2025 7:03 AM IST
ഗാന്ധിനഗർ: നവീകരണത്തിനായി അടച്ച മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നാളെ തുറന്നേക്കും. സ്റ്റാൻഡ് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യുമെന്ന് ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് പറഞ്ഞു.
നിലവിൽ ഒരു മാസക്കാലമായി നവീകരണത്തിനായി സ്റ്റാൻഡ് അടച്ചിരിക്കുകയാണ്. സ്റ്റാൻഡിന് പുറത്ത് താത്കാലിക സ്റ്റാൻഡ് ഏർപ്പെടുത്തിയാണ് ഇപ്പോൾ ബസിൽ യാത്രക്കാരെ കയറ്റുന്നത്.
സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ് ഗട്ടർ നിറഞ്ഞ സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായി സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണ് നടത്തിയത്. ഇതിനായി ഏകദേശം 40 ലക്ഷം രൂപ ചെലവായെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുടർ പദ്ധതി എന്ന നിലയ്ക്ക് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് ഏർപ്പെടുത്താൻ ആലോചനയുണ്ട്.
ഇതിനു പുറമെ സ്റ്റാൻഡിൽ ബസ് കയറി വരുന്ന ഭാഗത്ത് ശൗചാലയം, വിശ്രമകേന്ദ്രം, റീഡിംഗ് റൂം എന്നിവയും പണിയുന്നതിന് ആലോചനയുണ്ട്.
ഇതിനായി എംപി ഫണ്ടിൽനിന്നു തുക അനുവദിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിൽ സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്തതോടെ സ്റ്റാൻഡിലെ ഗട്ടറും വെള്ളക്കെട്ടും മാറിയിട്ടുണ്ട്.