കെഎസ്ആര്‍ടിസി ജംഗ്ഷനിലും നഗരസഭാ കാര്യാലയത്തിനു മുമ്പിലും കാത്തിരിപ്പു കേന്ദ്രങ്ങള്‍ വൈകരുത്
1545077
Thursday, April 24, 2025 6:56 AM IST
ചങ്ങനാശേരി: നിര്‍മാണത്തിനായി കെഎസ്ആര്‍ടിസി ബസ് ഡിപ്പോ അടച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കുന്നതിനായി കെഎസ്ആര്‍ടിസി ജംഗ്ഷനിലും മുനിസിപ്പല്‍ കാര്യാലയത്തിനു മുമ്പിലും താത്കാലിക കാത്തിരിപ്പുകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മാണത്തിനായി ബസ്സ്റ്റാന്‍ഡ് അടച്ചിട്ട് മൂന്നാഴ്ച പിന്നിടുകയാണ്.
ബസ് സ്റ്റോപ്പുകള്‍ അനുവദിച്ച കെഎസ്ആര്‍ടിസി ജംഗ്ഷനിലും നഗരസഭാ കാര്യാലയത്തിനു മുമ്പിലും താത്കാലിക കാത്തിരിപ്പുകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തീരുമാനം എടുത്തിരുന്നു.
കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഇല്ലാത്തതുമൂലം കുട്ടികളും സ്ത്രികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ പൊള്ളുന്ന വെയിലും കനത്തമഴയുമേറ്റ് ദുരിതപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ എന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പ് സംബന്ധിച്ച് യാത്രക്കാരില്‍ ഇപ്പോഴും കണ്ഫ്യൂഷന് നിലനില്‍ക്കുകയാണ്. നിരവധി യാത്രക്കാര്‍ ഇപ്പോഴും പഞ്ചവടി ഹോട്ടലിനു മുമ്പില്‍ ബസ് കാത്തുനില്‍ക്കുന്നുണ്ട്.