നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു : മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
1545071
Thursday, April 24, 2025 6:48 AM IST
കടുത്തുരുത്തി: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. സാധാരണ വെള്ളപ്പൊക്കസമയത്ത് മീന്‍ പിടിക്കാനിറങ്ങുന്നവർക്ക് കുട്ട നിറയെ മീന്‍ കിട്ടുമായിരുന്നു. എന്നാല്‍ അടുത്ത കാലങ്ങളിലൊന്നും വെള്ളപ്പൊക്കത്തില്‍ പറയുന്നത്ര മീനൊന്നും കിട്ടിയില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുകയാണ്. ഇതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലായിരിക്കു ന്നത്. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഒരു പകല്‍ മുഴുവന്‍ പണിയെടുത്താലും കാര്യമായ നേട്ടമില്ലാത്ത അവസ്ഥയാണെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ ദിവസം 20 മുതല്‍ 25 കിലോ വരെ മത്സ്യം കിട്ടിയിരുന്നു. തോടുകളില്‍നിന്നു കാരി, വരാല്, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി, മണല്‍വാള, ആറ്റുചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ മറ്റു മത്സ്യങ്ങളേക്കാള്‍ ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്കു ഉയര്‍ന്ന വിലയും ലഭിച്ചിരുന്നു.
കരിമീനിന് കിലോ 300 മുതല്‍ 500 വരെയാണ് വലുപ്പത്തിനനുസരിച്ച് വില. മഞ്ഞക്കൂരി - 300, വരാല് - 500 മുതല്‍ 600, കാരി - 400, വാള - 200 മുതല്‍ 400 വരെ, ചെമ്പല്ലി - 250, കറൂപ്പ് - 200 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ വില. കടുത്തുരുത്തി മാര്‍ക്കറ്റ്, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരം മത്സ്യങ്ങള്‍ വില്പന നടക്കുന്നുണ്ട്.
കല്ലറ, കടുത്തുരുത്തി, മാഞ്ഞൂര്‍, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, ചെമ്പ്, മുളക്കുളം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളിലെ തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മത്സ്യസമ്പത്ത് നശിപ്പിക്കാനിടയാക്കിയതായി മത്സ്യതൊഴിലാളിയായ മുണ്ടാര്‍ സ്വദേശി പത്മനാഭന് പറഞ്ഞു.
പാടശേഖരങ്ങളിലെ നെല്ലിന് അമിതമായി കീടനാശിനിയും രാസവളപ്രയോഗവും നടത്തിയതും ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിന് കാരണമായി.
കായലില്‍നിന്ന് ഉപ്പുവെള്ളം കയറ്റിവിടാത്തതും ചില മത്സ്യങ്ങളുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു. തോടുകളില്‍ നാട്ടുമത്സ്യങ്ങള്‍ കുറഞ്ഞതോടെ മത്സ്യഫെഡ് രോഹു, കട്ല, വലിയവാള എന്നിവയുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ടെങ്കിലും ഇത്തരം വലിയ മത്സ്യങ്ങള്‍ ചെറി നാട്ടുമത്സ്യങ്ങളെ തിന്നൊടുക്കിയെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളിയായ കുട്ടപ്പന് പറഞ്ഞു.