കോത്തലയിൽ കുറുക്കന്മാരുടെ ശല്യം വ്യാപകം
1545065
Thursday, April 24, 2025 6:48 AM IST
കോത്തല: കുറുക്കന്റെ ഭീതിയിൽ നാട്ടുകാർ; പ്രതിരോധവുമായി പഞ്ചായത്ത്. കോത്തലയിലെ പറയരുകുന്ന് പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം വ്യാപകമായി. കുറുക്കന്റെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്കേറ്റു. രണ്ടാഴ്ചയിലധികമായി കുറുക്കന്മാരെ കോത്തലയിലും പറയരുകുന്നിലും പരിസരപ്രദേശങ്ങളിലും കാണുന്നുണ്ട്. കുറുക്കന്റെ കടിയേറ്റ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തു.
ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പത്താം വാർഡിലെ പറയരുകുന്നിലും പരിസരപ്രദേശത്തും വീടുകൾ സന്ദർശിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി. ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകി. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 9.30 മുതൽ കോത്തല എൻഎസ്എസ് ഹൈസ്കൂൾ മൈതാനിയിൽ പക്ഷിമൃഗാദികൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പ് നടക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. തസ്ലിം ഹാഷിം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്തംഗങ്ങളായ പി.എസ്.രാജൻ, അനിൽ കൂരോപ്പട, വെറ്ററിനറി ഡോ. ലിൻഡ, ആരോഗ്യ പ്രവർത്തകരായ പ്രവീൺ, സന്തോഷ്, ശ്രീനിവാസൻ, ആശാ പ്രവർത്തകരായ ഇന്ദിരാദേവി, മാലിനി,റംലി തുടങ്ങിയവർ നേതൃത്വം നൽകി.