മുണ്ടക്കയം ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
1544863
Wednesday, April 23, 2025 11:57 PM IST
മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ മൂന്നോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ദേശീയപാതയിൽ മുണ്ടക്കയം പോലീസ് സ്റ്റേഷന് താഴെ ഭാഗത്തുള്ള രണ്ടു കടകളിലും ടൗണിലെ ഒരു പച്ചക്കറിക്കടയിലുമാണ് മോഷണം നടന്നത്.
സിപിഎം പാർട്ടി ഓഫീസിനോട് ചേർന്ന് മാടക്കട നടത്തുന്ന ശ്രീവിലാസത്തിൽ സരോജത്തിന്റെ കടയിൽ നിന്നു 4000 രൂപ മോഷ്ടാവ് അപഹരിച്ചു. പ്ലാസ്റ്റിക്ക് പടുത വലിച്ചുകെട്ടി മറച്ചിരുന്ന കട പൂട്ടാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ബാങ്കിൽ അടയ്ക്കാനായി ചില്ലറ ഉൾപ്പെടെ പാത്രത്തിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഇവരുടെ കടയിൽ മോഷണം നടന്നിരുന്നു.
ഇതിന് എതിർവശത്തായി ചെറുകടികൾ വിൽക്കുന്ന ബഷീറിന്റെ കടയിൽനിന്നു സാധനങ്ങളും കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു. ഇത് കൂടാതെ മുണ്ടക്കയം ടൗണിലെ രഹന ഷൈജുവിന്റെ പച്ചക്കറിക്കടയിലും മോഷണം നടന്നിട്ടുണ്ട്. സാധനങ്ങൾ ഉൾപ്പെടെ 5000ത്തോളം രൂപ ഇവിടെ നഷ്ടമായി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.