റേഷന്‍കടകളില്‍ വാതില്‍പ്പടി സാധനങ്ങളെത്തിക്കല്‍ താളംതെറ്റുന്നു
1544808
Wednesday, April 23, 2025 7:11 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിലെ റേഷന്‍കടകളില്‍ വാതില്‍പ്പടി സാധനങ്ങളെത്തിക്കല്‍ താളംതെറ്റുന്നു. എന്‍എഫ്എസ്എ ഗോഡൗണിനുമുമ്പില് റേഷന്‍ വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ നടത്തി. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഗോഡൗണിനുമുമ്പില് പ്രതിഷേധ ധര്‍ണ നടത്തിയത്. എന്‍എഫ്എസ്എ ട്രാന്സ്പോര്ട്ടേഷന് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലം പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട പ്രതിമാസ റേഷന്‍ സാധനങ്ങള്‍ മാസവസാനം മാത്രമാണ് ചങ്ങനാശേരി താലൂക്കിലെ റേഷന്‍ കടകളില്‍ എത്തുന്നത്.
ഇതുമൂലം ജനങ്ങള്‍ക്ക് മുഴുവന്‍ റേഷന്‍ സാധനങ്ങളും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അതിന്റെ ഫലമായി വ്യാപാരികള്‍ക്ക് കമ്മീഷനില്‍ വലിയ കുറവ് ഉണ്ടാകുന്നു. കഴിഞ്ഞ ആറുമാസക്കാലമായി ഈ സ്ഥിതി തുടരുകയാണ്. മാസത്തിന്റെ ആരംഭത്തില്‍ തന്നെ റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിബന്ധന.
വാതിപ്പടിക്കല് റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ താമസിപ്പിക്കുന്നത് മനപൂര്വമാണന്നും വാതില്‍പ്പടിയില്‍ സാധനങ്ങള്‍ തൂക്കിനല്കാതിരിക്കാനും റേഷന്‍ സാധനങ്ങളില്‍ വലിയ തോതിലുള്ള വെട്ടിപ്പ് നടത്താനും ചങ്ങനാശേരി താലൂക്കിലെ സിവില്‍ സപ്ലൈസ്, സപ്ലൈകോ ഉദ്യോഗസ്ഥര്‍ ട്രാന്‍സ്പോര്‍റ്റേഷന്‍ കരാറുകര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്നും റീട്ടെയില്‍ റേഷന്‍ ഡിലേഴ്സ് അസോസിയേഷന് ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോഹനന്‍പിള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഏത് കടകളിലും പോയി റേഷന്‍ വാങ്ങാമെന്നുള്ള പോര്‍ട്ടബിലിറ്റി സിസ്റ്റം നിലനില്ക്കുന്നതുമൂലം കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ സ്റ്റോക്കുള്ള കടകളില്‍ പോയി റേഷന്‍ വാങ്ങാന്‍ കഴിയും. ഇതുമൂലം കടയില്‍ സ്റ്റോക്കില്ലാത്ത വ്യാപാരികള്‍ തൂക്കം നോക്കാതെ തന്നെ ലോഡ് ഇറക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ അവസരം മുതലെടുത്താണ് കരാറുകാരന് തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നതെന്നും വ്യാപാരികള്‍ ആരോപിച്ചു.
ഓള് കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് പ്രസിഡന്റ് രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്, സെക്രട്ടറി സന്തോഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുരളീധരന് നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഫ്സല് പ്രയാറ്റ്, താലൂക്ക് സെക്രട്ടറി സനില്‍ മാത്യ, എം.എസ്. സോമന് എന്നിവര്‍ പ്രസംഗിച്ചു.