ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി
1544807
Wednesday, April 23, 2025 7:11 AM IST
തയോലപ്പറമ്പ്: വെള്ളൂർ കരിപ്പാടത്തുനിന്ന് കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴി കൊല്ലംപറമ്പിൽ പി.കെ. അശ്വിനെ(19)യാണ് കടുത്തുരുത്തി എക്സൈസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. യുവാവ് കരിപ്പാടംപള്ളിക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ 8.30 ഓടെ കരിപ്പാടം ഭാഗത്തുകൂടി ബൈക്കിൽ വന്ന ഇയാളിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
യുവാവിന്റെ ബൈക്കില്‍ സൂക്ഷിച്ചിരുന്ന 150 ഗ്രാം കഞ്ചാവും ബൈക്കും സംഘം കസ്റ്റഡിയിലെടുത്തു. കടുത്തുരുത്തി എക്സൈസ് ഓഫിസിലെ മുന്‍ കഞ്ചാവ് കേസിലെ പ്രതിയായ സ്രാങ്കുഴി സ്വദേശി വിപിന്‍ദാസിന്റെ നിര്‍ദേശപ്രകാരമാണ് അശ്വിന് കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നും അശ്വിന് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും അധികൃതർ പറഞ്ഞു.
അശ്വിനെ ഒന്നാം പ്രതിയായും വിപിന്‍ദാസിനെ രണ്ടാം പ്രതിയായും ചേർത്ത് കേസെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാര്‍ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.ആര്. രാജേഷ്, ജി. രാജേഷ്, പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടെ യുവാവിനെ പിടികൂടിയത്.