ഈസ്റ്റര്‍ദിനത്തില്‍ നിരാലംബയായ വയോധികയെ ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്
1544401
Tuesday, April 22, 2025 5:30 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ തനിച്ചു താമസിച്ചിരുന്ന നിരാലംബയായ വയോധികയെ നിത്യസഹായകന് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. പ്ലാച്ചേരില്‍ രത്നമ്മയാണ് നിത്യസഹായകന്റെ അമ്മവീട്ടില്‍ അഭയം തേടിയത്. സ്ട്രോക്ക് വന്ന് തളര്‍ന്ന രത്നമ്മയെ ആരും നോക്കാനില്ലാത്ത അവസ്ഥയില്‍ വീട്ടില്‍ അവശനിലയിലായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ ആശാപ്രവര്‍ത്തകയായ വിശ്വലത, പഞ്ചായത്തംഗമായ അര്‍ച്ചന കാപ്പിലിനെ വിവരമറിയിച്ചു.
പഞ്ചായത്തംഗം വയോധികയെ സന്ദര്‍ശിക്കുകയും നിത്യസഹായകന്റെ അമ്മവീട് പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു. അമ്മവീട് ഭവനത്തിലെ അനില്‍ ജോസഫും സിന്ധുവും സ്ഥലത്തെത്തി സാഹചര്യങ്ങള്‍ മനസിലാക്കി. താത്കാലികമായി സംരക്ഷണം ഒരുക്കിയിരുന്ന മേരിയമ്മയെ കണ്ട് രത്നമ്മയുടെ കാര്യം പഞ്ചായത്തംഗത്തെ അറിയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിർദേശിച്ചു. തുടര്‍ന്ന് പഞ്ചായത്തംഗവും ആശാ പ്രവര്‍ത്തകയും മേരിയമ്മയും ചേര്‍ന്ന് രത്നമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
മെഡിക്കല്‍ കോളജില്‍നിന്നു ഡിസ്ചാര്‍ജായ രത്നമ്മയെ തനിച്ചാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നിത്യസഹായകന് വയോധികയെ ഏറ്റെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് അറുനൂറ്റിമംഗലം ആശൂപത്രിയിലേക്ക് മാറ്റിയ രത്നമ്മയെ നിത്യസഹായകന് പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ദിനത്തില്‍ ഇവിടെയെത്തിയാണ് അമ്മവീട് ഭവനത്തിലേക്ക് എത്തിച്ചത്.
പഞ്ചായത്തംഗം അര്‍ച്ചന കാപ്പില്‍, ആശാ പ്രവര്‍ത്തക വിശ്വലത, അയല്‍വാസി മേരിയമ്മ, കെ.കെ. സജികുമാര്‍, ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ്, വി.കെ. സിന്ധു, തോമസ് അഞ്ചമ്പില്‍, കെ.കെ. സുരേന്ദ്രന്, ജിജോ ജോര്‍ജ്, റീത്താ ജയ്സണ്‍, ചാക്കോച്ചന് കുര്യന്തടം, ജയിംസ് കാവാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.