“ജീവനേക്കാള്‍ വിലയുണ്ടിതിന്’’ : ഫ്രാൻസിസ് പാപ്പാ സമ്മാനിച്ച ജപമാല നെഞ്ചോടു ചേർത്ത് സിമിൽ
1545063
Thursday, April 24, 2025 6:48 AM IST
കോട്ടയം: “എന്റെ ജീവനേക്കാള്‍ വിലയുണ്ടിതിന്’’ എന്നു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ സമ്മാനമായ ജപമാല നെഞ്ചോടു ചേര്‍ത്ത് ഓര്മ പങ്കിടുകയാണ് കോട്ടയം വിജയപുരം രൂപത, കുന്നുംഭാഗം മൗണ്ട് കാര്‍മല്‍ പള്ളി ഇടവകയിലെ ചന്ദനപ്പറമ്പില്‍ സെബാസ്റ്റ്യന്റെയും ലില്ലിക്കുട്ടിയുടെയും ഇളയ മകള്‍ സിമില്‍ സെബാസ്റ്റ്യന്‍.
ജന്മനാ നട്ടെല്ലുരോഗബാധിതയായി തളര്‍ന്ന സിമില്‍, വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. രോഗത്തെ അതിജീവിച്ച് മുന്നേറാൻ സിമിലിനെ സഹായിച്ചത് കരകൗശലരംഗത്തെ കഴിവുകളാണ്.
പതിനഞ്ചു വര്‍ഷത്തോളമായി പെയിന്റിംഗുകള്‍, മറ്റു കരകൗശല വസ്തുക്കള്‍, പേന, കുടകള്‍ തുടങ്ങിയവ നിര്‍മിച്ച് നല്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് സിമില്‍. സിമിലിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഫാ. വര്‍ഗീസ് കോട്ടക്കാട്ടാണ് മാര്‍പാപ്പയ്ക്ക് ഒരു സമ്മാനം നല്കാന് സിമിലിനെ പ്രചോദിപ്പിച്ചത്. വ്യത്യസ്തമായ രീതിയില്‍ ചെടികളുടെ വിത്തുകള്‍ ഉള്ളില്‍വച്ച പേപ്പര്‍ പേന സിമില്‍ മാര്‍പാപ്പയ്ക്കായി നിര്‍മിച്ചു.
വിജയപുരം രൂപത സഹായമെത്രാനായ ബിഷപ് ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍ സ്ഥാനമേറ്റതിനെത്തുടര്‍ന്ന് റോമില്‍ പാപ്പായെ സന്ദര്‍ശിക്കാന്‍ പോയ വേളയില്‍ പാപ്പായ്ക്കു സിമിലിന്റെ സമ്മാനം നല്‍കുകയും സിമിലിനെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചും ധരിപ്പിക്കുകയും ചെയ്തു.
സിമിലിന്റെ സ്നേഹസമ്മാനം സ്വീകരിച്ച മാര്‍പാപ്പ, വെളുത്ത മുത്തുമണികളുള്ള ജപമാല സിമിലിനു സമ്മാനമായി നല്‍കണമെന്നു നിര്‍ദേശിച്ചു ഡോ. ജസ്റ്റിന് മഠത്തില്‍പ്പറമ്പിലിനെ ഏല്പിച്ചു. മാര്‍പാപ്പയുടെ സമ്മാനമായ ജപമാല തന്റെ നെഞ്ചോടു ചേര്‍ത്ത് ഓരോ മുത്തുമണിയിലും ആയിരം പ്രാര്‍ഥനകളര്‍പ്പിച്ച് സ്നേഹാര്‍ദ്രമായ ഓര്മ പുതുക്കുകയാണ് സിമില്‍. ഒപ്പം പാപ്പായ്ക്കു നിത്യശാന്തി നേര്‍ന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു.