ഫ്രാന്‍സിസ് മാര്‍പാപ്പ ചേർത്തുപിടിച്ച മങ്കന്താനം കുടുംബത്തിലെ കുട്ടികൾ
1544571
Tuesday, April 22, 2025 11:47 PM IST
ജോജി പേഴത്തുവയലിൽ
കാഞ്ഞിരപ്പള്ളി: ഫ്രാന്‍സിസ് മാര്‍പാപ്പയിൽനിന്നു നേരിട്ട് അനുഗ്രഹം ലഭിച്ച പുണ്യസ്മരണയിൽ മങ്കന്താനം കുടുംബത്തിലെ മൂന്നു കുട്ടികൾ. മണിപ്പുഴ മങ്കന്താനം അഡ്വ. ബിനോയി-ഷൈനി ദന്പതികളുടെ മക്കളായ ലിയ തെരേസ ബിനോയി, ലെന അന്ന ബിനോയി, ലിയോണ മരിയ ബിനോയി എന്നിവരെയാണ് 2013ൽ ഫ്രാന്‍സിസ് മാര്‍പാപ്പ ചേർത്തുപിടിച്ച് അനുഗ്രഹിച്ചത്.
അന്നു ലിയയ്ക്ക് ഏഴും ലെനയ്ക്ക് അഞ്ചും ലിയോണയ്ക്ക് ഒരു വയസിനു താഴെയുമായിരുന്നു പ്രായം.
അയർലൻഡിലെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതിനു മുന്‍പ് യൂറോപ്പ് യാത്ര നടത്തുന്നതിന്റെ ഭാഗമായി 2013 നവംബർ 27നാണ് റോമിലെ സെന്റ് പീറ്റേഴ്സിലെത്തിയത്. എല്ലാ ബുധനാഴ്ചയും പൊതുജനങ്ങളെ കാണാനായി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസേലിക്കയിലെത്തുന്നത് അറിഞ്ഞാണ് ഇവരും അവിടെ വന്നത്. സന്ദർശകരെ കാണുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലെനയെയും ലിയോണയെയും ചേർത്തുപിടിച്ച് അനുഗ്രഹിച്ചത്. എന്നാൽ, ലിയയ്ക്ക് ഇതിനുള്ള ഭാഗ്യം ലഭിച്ചില്ല. പിന്നീട് പാപ്പാമൊബീലിൽ സഞ്ചരിച്ച് സന്ദർശകരെ ആശീർവദിച്ച് തിരികെയെത്തിയപ്പോഴാണ് ലിയയ്ക്കും പാപ്പയുടെ അനുഗ്രഹം ലഭിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി എന്ന വാർത്ത കണ്ടപ്പോൾ തങ്ങളെ ചേർത്തുപിടിച്ച് അനുഗ്രഹിച്ചതിന്റെ ഹൃദയ ഹാരിയായ ഓർമകളാണ് ഇവരിലേക്ക് എത്തിയത്. ഇപ്പോൾ ലിയ പ്ലസ് ടുവും ലെന പത്തും പഠനം പൂർത്തിയാക്കി. ലിയോണ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹം ഇന്നും തങ്ങളുടെ ജീവിതത്തിലുടനീളം ഉണ്ടെന്ന് ഇവർ പറയുന്നു.