ലഹരിക്കെതിരേ ഓട്ടോ തൊഴിലാളികൾ; ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു
1544860
Wednesday, April 23, 2025 11:57 PM IST
കാഞ്ഞിരപ്പള്ളി: ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് ലഹരിക്കെതിരേ ഒരുക്കിയ ഷോർട്ട്ഫിലിം ശ്രദ്ധേയമാകുന്നു. കാഞ്ഞിപ്പള്ളി പട്ടിമറ്റം ഒന്നാംമൈൽ സ്വദേശികളായ 17 ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്നാണ് ലഹരിക്കെതിരേയുള്ള സന്ദേശമുയർത്തി കെഎൽ 34 കാഞ്ഞിരപ്പള്ളി എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.
സ്കൂളുകളിൽ ലഹരി എത്തിക്കുന്ന സംഘത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് കുടുക്കുന്നതും പോലീസിൽ ഏൽപ്പിക്കുന്നതുമായ കഥയാണ്10 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിലൂടെ പറയുന്നത്. ഷോർട്ട് ഫിലിം നിർമിക്കാൻ 7000 രൂപയാണ് ചെലവ് വന്നത്. ഇത് ഇവർതന്നെ കണ്ടെത്തുകയായിരുന്നു.
പൂർണമായും ഐ ഫോണിലായിരുന്നു ചിത്രീകരണം. കഥ, തിരക്കഥ, സംവിധാനം എന്നിവ ഓട്ടോറിക്ഷ തൊഴിലാളിയായ ബെന്നി ജോർജ് മലയിലിന്റേതാണ്.
പൊൻകുന്നം സ്വദേശിയായ ജോമോൻ ജോയിയാണ് കാമറ കൈകാര്യം ചെയ്തത്. എഡിറ്റിംഗ് നിർവഹിച്ചത് സുബിൻ തോമസും.
ലഹരിക്കെതിരെ സന്ദേശം നൽകുന്നതടക്കം എട്ടോളം ഷോർട്ട് ഫിലിമുകൾ ബെന്നി മുന്പ് പുറത്തിറക്കിയിട്ടുണ്ട്. എരുമേലി സ്വദേശിയായ സുധി ഒഴികെയുള്ള ഷോർട്ട് ഫിലിമിലെ അഭിനേതാക്കളെല്ലാം ഓട്ടോ തൊഴിലാളികളാണെന്ന പ്രത്യേകതയുമുണ്ട്. കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിലെ രഞ്ജു രമണൻ, ടി. അജീഷ് എന്നിവരുടെ സഹായവും ലഭിച്ചു. മൂന്നു ദിവസം കൊണ്ടാണ് ഷോർട്ട് ഫിലിം തയാറാക്കിയത്.