അതിഥി തൊഴിലാളികളെ ചോദ്യം ചെയ്യാന്‍ പട്ടാളക്കാരുടെ സഹായവും
1544859
Wednesday, April 23, 2025 11:57 PM IST
കോട്ടയം: ക്രിമിനല്‍ കേസുകളില്‍പ്പെടുന്ന അതിഥി തൊഴിലാളികളില്‍നിന്ന് മൊഴിയെടുക്കുക പോലീസിന് ദുഷ്കരമായ ജോലി. ആസാം, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ കൂടുതലായി ഉള്‍പ്പെടുന്നത്.
പ്രദേശിക ഭാഷകള്‍ സംസാരിക്കുന്ന ഇവരില്‍നിന്ന് വിവരം ആരായാന്‍ മുന്‍പ് പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന ഹോം ഗാര്‍ഡുകളുടെയും കോട്ടയം സൈനിക കാന്റീനിലെ ഉദ്യോഗസ്ഥരുടെയും സഹായം തേടാറുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ ജോലി ചെയ്തപ്പോഴുള്ള ഭാഷാ പരിജ്ഞാനം പ്രതികളില്‍നിന്ന് വിവരം ആരായുന്നതില്‍ പ്രയോജനപ്പെടുന്നു. ഹിന്ദി പൊതുഭാഷയാണെങ്കിലും പ്രാദേശിക ഹിന്ദിയും ഗോത്രഭാഷകളും സംസാരിക്കുന്നവര്‍ കേസുകളില്‍ പെടുന്നുണ്ട്.
കോടതിയില്‍ പ്രതിയെ ഹാജരാക്കുമ്പോഴും വിചാരണവേളയിലും ജഡ്ജിമാരും സൈനികരുടെ ഭാഷാ സഹായം തേടാറുണ്ട്. അടുത്തയിടെയായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ മലയാളം അറിയാവുന്ന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍ വേളയില്‍ പോലീസ് ഭാഷ മൊഴിമാറ്റം തേടുന്നതും പതിവാണ്.
ജില്ലയില്‍ ഏറ്റവുമധികം കൊലക്കേസുകളില്‍ പ്രതിയായത് ആസാം സ്വദേശികളാണ്. കഴുത്തു മുറിച്ചും തലയ്ക്കടിച്ചും കൊല നടത്തുകയാണ് ഇവരുടെ രീതി.