കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് യൂ​ണി​യ​നെ ന​യി​ക്കാ​ൻ രേ​വ​തി
Sunday, October 20, 2024 4:25 AM IST
പ​ത്ത​നം​തി​ട്ട: ജീ​വി​ത​ത്തോ​ടു പൊ​രു​തി ആ​ർ. വി. ​രേ​വ​തി നേ​ടി​യ വി​ജ​യ​ത്തി​നു തി​ള​ക്കം ഏ​റെ. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രേ​വ​തി​യു​ടെ യാ​ത്ര വീ​ൽചെ​യ​റി​ലാ​ണ്. ബി​സി​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നിയാ​ണ് ആ​ർ.​വി. രേ​വ​തി എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥിയാ​യാണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്. ഇ​ല​വും​തി​ട്ട നെ​ടി​യ​കാ​ല തോ​പ്പി​ൽ കി​ഴ​ക്കേ​തി​ൽ ര​വി - ജി​ജി ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​ണ് .

ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് രേ​വ​തി​ക്ക് ആ​ദ്യ​മാ​യി കാ​ലി​ട​റി​യ​ത്. ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് പ​തി​യെ പ​തി​യെ കൂ​ടി. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിലെ പരിശോധനയിലാ​ണ് സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (ടൈ​പ്പ് 3) രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യെ​ന്ന് അ​റി​യു​ന്ന​ത്.

പ​ത്താം ക്ലാ​സ് മു​ത​ൽ മു​ഴു​വ​ൻ സ​മ​യ​വും വീ​ൽ​ചെയ​റി​ലാ​യി രുന്നു ജീ​വി​തം. കാ​ലം മു​ന്നോ​ട്ടോ​ടി​യെ​ങ്കി​ലും രേ​വ​തി​ക്ക് കാ​ലു​റ​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ശാ​രീ​രി​ക വെ​ല്ലു​വി​ളി ത​ട​സ​മാ​വ​രു​തെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ​യെ​ന്ന് സു​ഹൃ​ത്ത് ക്രി​സ​ൺ കെ.​തോ​മ​സ് ചോ​ദി​ച്ച​പ്പോ​ൾ രേ​വ​തി സ​മ്മ​തം മൂ​ളിയത്.


ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി കോ​ള​ജ് മു​ഴു​വ​നും ചു​റ്റി​യ​ടി​ച്ചു ക​ണ്ട​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണെ​ന്നു രേ​വ​തി പ​റ​യു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു അ​ത്. അ​തും സ​ഹ​പാ​ഠി​ക​ളു​ടെ സ​ഹാ​യ​ത്തി​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​തി​നു പി​ന്നാ​ലെ രേ​വ​തി​ക്കു​വേ​ണ്ടി എ​ല്ലാ​യി​ട​ത്തും റാം​പ് സൗ​ക​ര്യം ഒ​രു​ക്കി. സ്വ​പ്ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​കാ​തി​രി​ക്കാ​ൻ കോ​ള​ജും സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പം നി​ന്നു. പ​ഠ​ന​ത്തി​ൽ എ​പ്പോ​ഴും രേ​വ​തി മു​ന്നി​ലാ​ണെ​ന്ന് വ​കു​പ്പ് അ​ധ്യ​ക്ഷ മ​ഞ്ജു ജി.​ നാ​യ​ർ പ​റ​യു​ന്നു.

കാ​തോ​ലി​ക്കേ​റ്റി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു പ​രി​മി​തി​യി​ല്ല എ​ന്ന​താ​ണ് രേ​വ​തി​യെ മു​ന്നി​ൽ നി​ർ​ത്താ​ൻ ത​ങ്ങ​ൾ​ക്ക് ക​രു​ത്താ​യ​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ദി​വ​സ​വും രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ചേ​ർ​ന്നാ​ണ് രേവതിയെ കോ​ള​ജി​ലെ​ത്തി​ക്കു​ന്ന​ത്. തി​രി​കെപ്പോ​കു​ന്ന​തും അ​ങ്ങ​നെത​ന്നെ. മ​ക​ൾ കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ണാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും എ​ല്ലാ പി​ന്തു​ണ​യു​മാ​യി അ​വ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും അ​മ്മ​യു​ടെ വാ​ക്കു​ക​ൾ.