പാലക്കാട്: മന്ത്രി എം.ബി. രാജേഷ് മദ്യക്കമ്പനിയുടെ ബ്രാൻഡ് അംബാസഡറായാണ് പ്രവർത്തിക്കുന്നതെന്നു കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. പുതുശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് ഉപരോധസമരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുൻ ബിജെപി സർക്കാരിന്റെ കാലത്ത് എൻഡിഎ എംഎൽഎയായിരുന്ന ആളുടെ സ്ഥാപനമാണ് ഒയാസിസ്. സിപിഎമ്മും ബിജെപിയും മദ്യക്കമ്പനിയെ പിന്തുണയ്ക്കുന്നവരാണ്. കമ്പനിക്കെതിരേ ബിജെപി നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കോരയാർ പുഴയിലെ വെള്ളം ബ്രുവറിക്കു നൽകാനുള്ള പുതുശേരി പഞ്ചായത്ത് തീരുമാനത്തെ ജനകീയപ്രതിരോധത്തിലൂടെ ചെറുക്കും. എലപ്പുള്ളിയിൽ മദ്യനിർമാണ കമ്പനിയുടെ പ്രവർത്തനം തുടങ്ങാൻ അനുവദിക്കില്ല.
മദ്യക്കമ്പനിയുടെ പണംവാങ്ങിയാണ് സിപിഎം നേതാക്കൾ പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 29 ബാറുണ്ടായിരുന്നത് ഇപ്പോൾ ആയിരമായി ഉയർന്നു. ഓരോ പഞ്ചായത്തിലും ബാർ എന്നതാണ് കേരള സർക്കാർനയമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബ്രുവറിക്കെതിരേ നടക്കുന്ന സമരം സംസ്ഥാന കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രൂവറിക്കു വെള്ളം നൽകാനുള്ള പുതുശേരി പഞ്ചായത്ത് തീരുമാനത്തിനെതിരേ നടത്തിയ ഉപരോധസമരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലാഴി ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെംബർ പി.ബി. ഗിരീഷ്, കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം എസ്.കെ. ജയകാന്തൻ എന്നിവർ നേതൃത്വം നൽകി.
Tags : Puthussery Panchayat Water for Brewery Congress Sandeep warier