കണ്ണൂർ: സർക്കാരിന്റെ ക്ഷേമപദ്ധതി പ്രഖ്യാപനത്തിൽ കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയെ ഒഴിവാക്കിയതിൽ സിപിഐയിൽ പ്രതിഷേധം. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിലാണു കർഷക പെൻഷൻ പദ്ധതിക്കു തുടക്കം കുറിച്ചത്.
കൃഷിമന്ത്രി പി. പ്രസാദ് പലതവണ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തിയെങ്കിലും പണമില്ലെന്നു പറഞ്ഞ് കർഷക പെൻഷൻ പദ്ധതിയുടെ ഫയലിൽ ഇതുവരെയും ഒപ്പിട്ടിട്ടില്ല. എന്നാൽ, ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളിൽ കർഷക ക്ഷേമപെൻഷൻ പദ്ധതിയെ അവഗണിക്കുകയായിരുന്നു.
ധനവകുപ്പിന് പതിനായിരം കോടി രൂപയുടെ അധിക ബാധ്യത വരുന്ന നിരവധി പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബാധ്യത സർക്കാരിനു താങ്ങാനാവത്തതല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. ഇതാണ്, കൃഷിവകുപ്പ് ഭരിക്കുന്ന സിപിഐയെ പ്രകോപിതരാക്കുന്നത്. കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയെക്കുറിച്ച് നവംബർ നാലിനു സിപിഐ സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്യും.
സിപിഐയുടെ കർഷക ഘടനയായ അഖിലേന്ത്യാ കിസാൻ സഭ പ്രതിനിധികൾ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കർഷക ക്ഷേമപെൻഷൻ പദ്ധതി ധനവകുപ്പ് അംഗീകരിക്കാത്തതിനെതിരേ അഖിലേന്ത്യാ കിസാൻ സഭ സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയിരുന്നു.
എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിന് മുന്പ് പദ്ധതിക്കു ധനവകുപ്പ് അംഗീകാരം നല്കാമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പു നല്കുകയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്യുന്നത്.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണ് കൃഷിമന്ത്രി തുറന്നുകൊടുത്തത്. എന്നാൽ, 2025 ഒക്ടോബർ 30 വരെ 15,559 പേരുടെ രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്.പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലാണ്.
കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് 2027 ജനുവരി മുതൽ പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ, തുകയും മറ്റാനുകൂല്യങ്ങളും സർക്കാർ ഇതുവരെയും തീരുമാനിച്ചിട്ടില്ല.
Tags : PM Shri CPI Farmers Welfare Fund