Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിൽ സിപിഐയുടെ പ്രാധാന്യം എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. പിഎം ശ്രീയെക്കുറിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമാണു നാമെല്ലാവരും അറിയുന്നത്.
വാർത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ ഇതിൽ ഒപ്പിടുമ്പോൾ കേരളത്തിനു കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളിൽ സിപിഐ ഇരുട്ടിലാണ്.
നയപരമായ വിഷയമായതിനാൽ പിഎംശ്രീ മന്ത്രിസഭ ചർച്ച ചെയ്യാതെ മാറ്റിവച്ച വിഷയമാണ്.ഈ വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയിൽ ചർച്ചയിൽ വന്നിട്ടില്ല. ഇടതുമുന്നണിയുടെ ശൈലി ഇതല്ല.
പിഎം ശ്രീ എൻഇപിയുടെ ഷോക്കേസാണെന്നാണു മനസിലായത്. ഇക്കാര്യത്തിൽ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ആശങ്കയുണ്ട്.
അസ്വാഭാവികമായ തിരക്കോട് കൂടി മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ഒരു വാക്കു പോലും പറയാതെ ഉദ്യോഗസ്ഥ ഡൽഹിയിൽ ലാൻഡ് ചെയ്ത് ഒപ്പിടുന്നു. പിറ്റേദിവസം അതിനെ ബിജെപിയും ആർഎസ്എസും എബിവിപിയും പുകഴ്ത്തുന്നു. അതുകൊണ്ടാണ് ചർച്ച ആവശ്യപ്പെടുന്നത്.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തിൽ കേരള സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഎമ്മിനെ നന്ദിഗ്രാം ഓര്മിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റിന്റെ കത്ത്.
ബംഗാളിലെ നയ വ്യതിയാനം അന്ന് ചൂണ്ടിക്കാട്ടിയതാണെന്നും സിപിഐ ഓര്മ്മിപ്പിക്കുന്നു. സിപിഎം നേതൃത്വവുമായുള്ള ചര്ച്ചയിൽ ഇക്കാര്യം പറയും. ബംഗാളിൽ കണ്ട പ്രവണതകൾ കേരളത്തിലെ തുടർഭരണത്തിൽ കാണുന്നുവെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
ബിജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും വിമർശനമുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.
മൂന്നാം പിണറായി സര്ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് നേതൃത്വം ഉലയുന്നത്. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള് എല്ലാം ചര്ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കും. ആറു മാസം കഴിഞ്ഞാൽ നിര്ണായക നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടാകും.
മൂന്നാം പിണറായി സര്ക്കാരിനായി സിപിഎം സര്വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്ച്ചയുയരുന്നത്. ഘടകക്ഷികളെ സിപിഎം ഇരുട്ടിൽ നിര്ത്തിയെന്നാണ് സിപിഐ വിമര്ശനം.
വര്ഗീയതയോട് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പതിറ്റാണ്ടുകളായുള്ള വര്ഗീയ വിരുദ്ധ മുദ്രാവാക്യം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഇത് എൽഡിഎഫിന്റെ വഴിയല്ലെന്നും സിപിഐ ഓര്മിപ്പിക്കുന്നു. ഏതുസമയത്തും രാജിവയ്ക്കാൻ തയ്യാറെന്ന് സിപിഐ മന്ത്രിമാര് അറിയിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച സംസ്ഥാന നിര്വാഹക സമിതി യോഗം ചേരും. എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. മറുവശത്താകട്ടെ ചര്ച്ച ചെയ്യാമെന്നാണ് എംവി ഗോവിന്ദനും ടിപി രാമകൃഷ്ണനും പ്രതികരിച്ചത്.എല്ലാക്കാലത്തും ഒരേ നയത്തിൽ നിൽക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി വി.ശിവന്കുട്ടി.
Kerala
തിരുവനന്തപുരം: സിപിഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ ജീവിയാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ഡിഎഫ് തീരുമാനം ആരോടും ചര്ച്ച ചെയ്യാതെയാണെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ഡിഎഫിന്റെ ശൈലി ഇതല്ല. ഇതാകരുത് എല്ഡിഎഫിന്റെ ശൈലിയെന്നും മുന്നണി മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്ഡിഎഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
സിപിഐയെ ഇരുട്ടിൽ നിര്ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഒപ്പിട്ടത് വാർത്ത കണ്ടപ്പോള് അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്ക്കാര് കരാര് ഒപ്പിട്ടതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സര്വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള് എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്ദത്തിന് വഴങ്ങാൻ സര്ക്കാര് തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന് ഇനിയും 8500 കോടി രൂപ കൂടി കിട്ടാനുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി എന്നും എതിരാണെന്നും ഗോവിന്ദൻ വ്യക്തമാക്ക. കേന്ദ്രം ഇതിന്റെ പേരിൽ സാമ്പത്തിക ഉപരോധമാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
"ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്. അങ്ങനെ യാണോ നിങ്ങൾ കരുതുന്നത് ? പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രം സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നത്.എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കും.'-ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത എതിർപ്പ് എൽഡിഎഫിൽ പ്രകടിപ്പിക്കുന്നതിനിടെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തില് അടിച്ചമര്ത്തലിന് ഇരയായി എല്ഡിഎഫില് തുടരണൊയെന്ന് സിപിഐ ചിന്തിക്കണം. യുഡിഎഫിലേക്ക് വന്നാല് അര്ഹമായ സ്ഥാനം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ യുഡിഎഫിലേക്ക് വരണമെന്നും സിപിഎമ്മിന്റെ അപമാനം സഹിച്ച് എല്ഡിഎഫില് തുടരരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില് നിന്നും പലരും കോണ്ഗ്രസിലേക്ക് വരുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ്. സർക്കാർ നടപടിക്കെതിരെ എഐഎസ്എഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്നും എഐഎസ്എഫ് അറിയിച്ചു. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും.
ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാർ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
സർക്കാരിന്റെ വിദ്യാർഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ അറിയിച്ചു.
Kerala
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റുകളിൽ യാതൊരു കുറവും വരുത്താതെ കൂട്ടായ്മയോടെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ സർക്കുലർ.
ഘടകകക്ഷികളെ തൃപ്തരാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസമായി കേരള ഭരണം നിലനിർത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ചൂണ്ടുപലകയാകണമെന്നും നിർദേശിക്കുന്നു.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുംവരെ പാർട്ടി ഘടകങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ സർക്കുലറിൽ കൃത്യമായ നിർദ്ദേശങ്ങളാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്.
ലൈംഗികാരോപണത്തിനു വിധേയരായവർ, ചിട്ടി, ലോൺ, ബാങ്ക് കുടിശിക ഇവയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവർ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ളവർ എന്നിങ്ങനെയുള്ളവർ സ്ഥാനാർഥികൾ ആകാതിരിക്കാൻ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിള, കെഎസ്കെടിയു, കർഷകർ, ഹരിത കർമസേന, കുടുംബശ്രീ എന്നീ സംഘടനകളിൽനിന്നും നിൽക്കാൻ പറ്റുന്നവരെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കണം. റിട്ടയർ ചെയ്ത ആക്ഷേപമില്ലാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും റസിഡന്റ്സ് അസോസിയേഷനുകളിലെ ജനപ്രിയരായവരെയും മത്സരിപ്പിക്കാൻ ആലോചിക്കണം.
വാർഡ് കമ്മിറ്റികളിൽ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം ഓരോ വാർഡിൽ നിന്നും രണ്ടുപേർ വീതമുള്ള പേരുകൾ ലോക്കൽ കമ്മിറ്റിയെ ഏൽപ്പിക്കണം. ലോക്കൽ കമ്മിറ്റി ചർച്ച ചെയ്ത് ഏരിയാ കമ്മിറ്റിക്കു നൽകണം. ഇവിടെനിന്നും ജില്ലാ കമ്മിറ്റിക്കു നൽകി ജില്ലാ കമ്മിറ്റി സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്നു.
സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളിലെ സെക്രട്ടറിമാർ മത്സരിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങണം. വാർഡുകളിൽ സംവരണ തോത് നിശ്ചയിക്കുമ്പോൾ വനിതകൾ കൂടുതലായി വരാനിടയുള്ളതിനാൽ ജനറൽ വാർഡുകളിൽ പുരുഷന്മാരെ തന്നെ മത്സരിപ്പിക്കാൻ ശ്രദ്ധിക്കണം.
അധ്യക്ഷ സ്ഥാനം സംവരണമാകുന്ന സ്ഥലങ്ങളിലെ സംവരണ വാർഡുകളിൽ കാര്യപ്രാപ്തിയുള്ള യുവതീ യുവാക്കളെ മത്സരിപ്പിച്ച് അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Kerala
പത്തനംതിട്ട: പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും. പിന്നീട് എകെജി സെന്ററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ല. വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കൾ ഉണ്ടായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
പദ്ധതിയിൽ ഒപ്പിടാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. സിപിഐയുടെ എതിർപ്പിനെ തുടർന്ന് മന്ത്രിസഭാ യോഗത്തിൽ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ രണ്ട് വർഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. സർക്കാർ തീരുമാനത്തിനെതിരെ സിപിഐ നേതാക്കൾ രംഗത്ത് എത്തി. നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി സുരേന്ദ്രൻ രംഗത്തെത്തിയത്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പരാമർശത്തിൽ എൻ.കെ. പ്രേമചന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്പോൺസർ ചെയ്ത് മലകയറ്റി. ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ നടപടി സ്വീകരിച്ചത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ മീനാങ്കലിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, താൻ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും എഐടിയുസി ജില്ലാ സെക്രട്ടറിയായ തന്നെ യൂണിയൻ ഓഫീസിൽ കയറുന്നതിൽ നിന്ന് പോലും പാർട്ടി വിലക്കിയെന്നും മീനാങ്കൽ കുമാർ പറഞ്ഞു.
Kerala
കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ പ്രാദേശിക നേതാവിനെ പാര്ട്ടിയില് നിന്ന് പുറത്താക്കി സിപിഐ.
പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയതിന് ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി.വി. നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്നിന്നും പാര്ട്ടി അംഗത്വത്തില് നിന്നും പുറത്താക്കിയത്.
സിപിഐ മണ്ഡലം സെക്രട്ടറി കെ. ഷാജികുമാറാണ് നൗഷാദിനെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചെന്നൈ വിമാനത്താവളത്തില് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര് മൂന്നുകോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി നൗഷാദിനെ പിടികൂടിയത്. വെള്ളിയാഴ്ച്ച അര്ധരാത്രി ബാങ്കോക്കില് നിന്ന് എത്തിയ യാത്രക്കാരില് ഒരാളായിരുന്നു നൗഷാദ്.
Kerala
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കൈയടിച്ച് പാസാക്കുകയായിരുന്നു.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിംഗ് പ്രസിഡന്റുമാണ്.
സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്നു വൈകുന്നേരം ആലപ്പുഴ ബീച്ചിൽ തയാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലാണ് പൊതുസമ്മേളനം. വോളണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം ഡി. രാജ ഉദ്ഘാടനം ചെയ്യും.
അതേസമയം, സിപിഐ സംസ്ഥാന കൗണ്സിലില് വന് വെട്ടിനിരത്തലാണുണ്ടായത്. ഇടുക്കി മുന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ സംസ്ഥാന കൗണ്സിലില് നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുന് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല് കുമാര്, സോളമന് വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലത്തു നിന്നുള്ള ജി.എസ്. ജയലാല് എംഎല്എയെ ഇത്തവണയും സംസ്ഥാന കൗണ്സിലില് ഉള്പ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്ന്നാണ് കഴിഞ്ഞ പാര്ട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാല് സംസ്ഥാന കൗണ്സിലില് നിന്നും പുറത്താകുന്നത്.
മിക്ക ജില്ലകളില് നിന്നും നിരവധി പുതുമുഖങ്ങള് സംസ്ഥാന കൗണ്സിലില് ഇടംനേടിയിട്ടുണ്ട്. സംസ്ഥാന കൗണ്സിലിന്റെ അംഗസംഖ്യ വര്ധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വര്ധിപ്പിച്ചത്. എക്സിക്യൂട്ടിവ് അംഗസംഖ്യ 15 ല് നിന്നും 16 ആക്കി.
Kerala
ആലപ്പുഴ: തൃശൂരിലെ പരാജയം മുറിവാണെന്നും ജാഗ്രതക്കുറവുണ്ടായത് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഴവുകൾ തിരുത്തണം. പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
സംസ്ഥാനത്തെ ലോക്കപ്പ് മർദ്ദനം ശക്തമായി എതിർക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, കെ.ഇ. ഇസ്മയിലിന് മുന്നിൽ വാതിൽ അടയ്ക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്ത്തു. പക്ഷേ അത് അകത്തു കയറ്റൽ അല്ല. വേദിയിൽ ഇരിക്കാൻ ഇസ്മയിലിന് യോഗ്യത ഇല്ല. തെറ്റ് തിരുത്തിയാൽ വാതിൽ തുറക്കും. ഇല്ലെങ്കിൽ ഒരു സന്ധിയില്ല. പാർട്ടിക്ക് അകത്തു തുടരണമെങ്കിൽ പാർട്ടിയാകണം. പാർട്ടി വിരുദ്ധരുടെ എല്ലാം അനുഭവം ഇതായിരിക്കുമെന്നും അദ്ദേഹം ഓര്മിപ്പിച്ചു.
Kerala
ആലപ്പുഴ: കസ്റ്റഡിമർദനങ്ങളിൽ പോലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികൾ. ആഭ്യന്തര വകുപ്പിനെ തഴുകുന്നത് എന്തിനെന്നും സംസ്ഥാന സെക്രട്ടറി പോലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പൊതുചർച്ചയിൽ പ്രതിനിധികള് വിമർശനമുന്നയിച്ചു.
തെറ്റുകൾ കണ്ടാൽ അതിനെതിരെ സംസാരിച്ചിരുന്ന നേതൃത്വം സിപിഐക്ക് ഉണ്ടായിരുന്നുവെന്നും വെളിയവും ചന്ദ്രപ്പനും നയിച്ച പാർട്ടിയാണിതെന്നും ബിനോയ് വിശ്വം അതോർക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
തൃശൂർ പൂരം കലക്കലിൽ വിവാദമുണ്ടായിട്ടും പാർട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള് ചോദിച്ചു. പോലീസ് പ്രവര്ത്തിച്ചത് ബിജെപിക്കും ആര്എസ്എസിനും വേണ്ടിയാണെന്നും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും വിമര്ശനം ഉയര്ന്നു.
സിപിഐയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ രാഷ്ട്രീയ റിപ്പോർട്ടാണ് ആലപ്പുഴ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
Kerala
കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ പാർട്ടി മന്ത്രിമാരടക്കമുള്ളവർക്കു നിശിതവിമർശനം.
മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം വേദിയിലിരിക്കേയാണ് വിമർശനം ഉന്നയിച്ചുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. മന്ത്രിമാർ ഭാവനാസമ്പന്നരായി പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലാതെ അവ പൂർണതയിലെത്തിക്കുന്നില്ലെന്നാണു പ്രധാന വിമർശനം. മാവേലി സ്റ്റോറുകളിൽ അവശ്യവസ്തുക്കൾ ലഭിക്കാത്തതു വകുപ്പ് കൈയാളുന്ന പാർട്ടിയുടെയും സർക്കാരിന്റെയും ശോഭ കെടുത്തി.
ഒരു കാലത്ത് സിപിഐയുടെ മന്ത്രിമാരോട് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കു താത്പര്യമുണ്ടായിരുന്നു. മറ്റു മന്ത്രിമാരിൽനിന്ന് വേറിട്ട രീതിയിലായിരുന്നു സിപിഐ മന്ത്രിമാരെ ജനം കണ്ടതെങ്കിൽ ഇന്ന് അക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്നു പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സർക്കാരിനും മന്ത്രിമാർക്കുമെതിരേ ഉയരുന്ന വിമർശനങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടതു തിരുത്തണം. വിമർശനങ്ങളെ വികസനവിരുദ്ധമെന്നും രാഷ്ട്രീയപ്രേരിതമെന്നും പറഞ്ഞു തള്ളുന്നത് ഇടതുപക്ഷ നിലപാടല്ലെന്നു മന്ത്രിമാരും സർക്കാരും ഉൾക്കൊള്ളണം.
ചില ഉപജാപക വൃന്ദങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തുന്നതു കണ്ടില്ലെന്നു നടിക്കാനാകില്ല. ഇത് സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്നു. മന്ത്രിമാർ പൊതുജനങ്ങൾക്കു മാതൃകയാകുന്ന രീതിയിൽ ലളിതജീവിതം നയിക്കണം. നിരവധി ജനോപകാരപ്രദങ്ങളായ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും കാർഷിക ക്ഷേമ ബോർഡ്, ക്ഷേമനിധി ബോർഡുകളിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തതു വലിയ പ്രതിസന്ധിയാണ്.
കണ്ണൂർ ജില്ലയിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സിപിഎം മുന്നണിക്കകത്ത് തങ്ങളുടെ മർക്കട മുഷ്ടി ഉപേക്ഷിച്ചിട്ടുണ്ടെന്നു ജില്ലയെക്കുറിച്ചു പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. ഇത് സിപിഐ-സിപിഎം ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണറെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞു. രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കാനാണ് ശ്രമം. ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഗവർണർ മനസിലാക്കണം.
രാജ്ഭവനിൽ നടത്തുന്ന പരിപാടികളിലൊന്നും ഇന്ത്യയുടേത് അല്ലാത്തതൊന്നും കാണിക്കാൻ പാടില്ല. നിയമപരമായി അത് തെറ്റാണ്. വിചാരധാരയാണോ ഭരണഘടനയാണോ വാഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.