കോട്ടയത്തെ ഇരട്ടക്കൊല: പ്രതി പിടിയിൽ
Thursday, April 24, 2025 2:40 AM IST
കോട്ടയം: തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ഇവരുടെ മുന്‍ ജോലിക്കാരനായ ആസാം സ്വദേശി അമിത് ഉറാംഗിനെ (24) പോലീസ് പിടികൂടി. തൃശൂര്‍ മാള ആലത്തൂരില്‍നിന്നാണ് ഇന്നലെ രാവിലെ എട്ടിന് അമിത് കസ്റ്റഡിയിലായത്.
കോഴിഫാമിനുസമീപം ആസാം തൊഴിലാളികള്‍ താമസി ക്കുന്ന വാടകക്കെട്ടിടത്തില്‍ ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരനും രണ്ടു സ്ത്രീകളും കസ്റ്റഡിയിലുണ്ട്.
അമിത് തൃശൂരിലുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ അവിടെയെത്തിയ കോട്ടയത്തെ പോലീസ് സംഘം മാള പോലീസിന്റെ സഹായത്തോടെ അമിതിനെ പിടികൂടുകയായിരുന്നു. എറണാകുളത്ത് എത്തിച്ചു ചോദ്യം ചെയ്തശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവാതുക്കലില്‍ നടത്തിയ തെളിവെടുപ്പില്‍, വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ നിന്നുംസിസിടിവിയുടെ ഡിവിആര്‍ കണ്ടെടുത്തു. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുന്ന ഡിവിആര്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കും. വീട്ടിലും തെളിവെടുപ്പ് നടത്തി.
ചൊവ്വാഴ്ച രാവിലെയാണ് തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിനു സമീപത്തെ ഇരുനിലവീട്ടില്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്കുശേഷം കൈവശപ്പെടുത്തിയ വിജയകുമാറിന്റെ മൊബൈല്‍ ഫോണും അമിതിന്റെ ഫോണ്‍നമ്പറും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. അമിത് കുറ്റം സമ്മതിച്ചതായും ദമ്പതികളുടെ മകന് ഗൗതമിന്റെ ദുരൂഹമരണവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ജോലിചെയ്ത കാലത്ത് വിജയകുമാറിന്റെ വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ പണം അപഹരിച്ച കേസില്‍ അമിത് അറസ്റ്റിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അമിത് ജയിലിലായത്.
ഈ മാസം രണ്ടിനു ജാമ്യത്തിലിറങ്ങി. ജയിലില്‍ കിടക്കേണ്ടിവന്നതിലെ അമര്‍ഷവും കോട്ടയത്ത് കൂടെ താമസിച്ചിരുന്ന ആസാം യുവതി പിണങ്ങിപ്പോയതിലെ വൈരാഗ്യവുമാണ് കൊലയ്ക്കു പ്രേരണയാ യതെന്നു പോലീസ് പറഞ്ഞു.