പ്രത്യാശയുടെ തീർഥാടകരായി നാം മാറണം: മാർ മഠത്തിക്കണ്ടത്തിൽ
Wednesday, April 23, 2025 2:11 AM IST
തൊടുപുഴ: ദൈവവചനം ശ്രവിക്കുന്പോൾ ഹൃദയങ്ങൾ ജ്വലിക്കുമെന്നും ദുഃഖവും നിരാശയും ഇല്ലാതായി പ്രത്യാശയുടെ തീർഥാടകരായി മാറാൻ നമുക്ക് കഴിയുമെന്നും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിൽ ദൈവകരുണാനുഭവ ഏൽ റൂഹ ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വചനത്തിലൂടെയാണ് ദൈവകരുണയുടെ അനുഭവവും പരിശുദ്ധാത്മാവിന്റെ ശക്തിയും നമുക്ക് ലഭിക്കുന്നത്. ദൈവം കൂടെ വസിക്കുന്പോൾ ഭയം അകലും. ഫ്രാൻസിസ് പാപ്പായെ പോലെ ദൈവസ്നേഹത്തിന്റെ സാക്ഷികളായി മാറാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കടലുണ്ടി ഏൽ റൂഹ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ കണ്‍വൻഷനിൽ വചനസന്ദേശം നൽകി. റെക്ടർ ഫാ. ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ, ഫാ. ജോസഫ് മുണ്ടുനടയിൽ എന്നിവർ നേതൃത്വം നൽകി.
വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ, ദൈവകരുണയുടെ നൊവേന എന്നിവയും കണ്‍വൻഷന്റെ ഭാഗമായി നടന്നു. വൈകുന്നേരം 4.30 മുതൽ ഒൻപതു വരെ നടക്കുന്ന കണ്വൻഷൻ 25ന് സമാപിക്കും.