എന്തിനെയും വിമർശിക്കുന്നതു ചിലർ ശീലമാക്കുന്നുവെന്നു മുഖ്യമന്ത്രി
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഉദ്ഘാടനം പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിർവഹിച്ചു.
എന്തിനെയും വിമർശിക്കുന്നതു ചിലർ ശീലമാക്കിയിരിക്കുകയാണെന്നും പുതിയ പാർട്ടി ഓഫീസിന്റെ നിർമാണ സമയത്തും അതിനു മാറ്റമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കു പ്രയോജനകരമാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ പുതിയ ഓഫീസ് വളരെ ഉപകാരപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിലാഫലകം അനാച്ഛാദനം ചെയ്താണു മുഖ്യമന്ത്രി എകെജി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, മുതിർന്ന പാർട്ടി നേതാവ് എസ്. രാമചന്ദ്രൻ പിള്ള, നേതാക്കളായ എ.കെ. ബാലൻ, ഇ.പി. ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുത്തു.