വന്യജീവി ആക്രമണം "സവിശേഷ ദുരന്തം' ആക്കിയതിന്റെ നേട്ടം വനംവകുപ്പിന്
Wednesday, April 23, 2025 2:11 AM IST
കോഴിക്കോട്: രൂക്ഷമായ വന്യജീവി ആക്രമണത്തെ "സംസ്ഥാന സവിശേഷ ദുരന്ത’മായി പ്രഖ്യാപിച്ചുവെങ്കിലും നഷ്ടപരിഹാരത്തുക വിതരണത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എടുത്ത തീരുമാനം ഇരകളുടെ ആശ്രിതര്‍ക്കു കനത്ത തിരിച്ചടിയാകും.
നിലവിലുള്ള നഷ്ടപരിഹാരത്തുക തന്നെ നല്‍കാനാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ സംസ്ഥാനതല എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തിരിക്കുന്ന തീരുമാനം.
സവിശേഷ ദുരന്ത പ്രഖ്യാപനം നടത്തിയിട്ട് ഒരു വര്‍ഷമായിട്ടും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറും (എസ്ഒപി) പുറത്തിറക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മാനദണ്ഡങ്ങള്‍ മലയാളത്തിലാക്കി പുറത്തിറക്കുമ്പോള്‍ സഹായധന വിതരണത്തില്‍ വര്‍ധനവുണ്ടാകുമോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്.
ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നിലവില്‍ നല്കുന്ന നഷ്ടപരിഹാരം 10 ലക്ഷം രൂപയാണ്. സവിശേഷ ദുരന്ത പ്രഖ്യാപനത്തിന്റെ ഭാഗമായി ദുരന്ത നിവാരണ നിധിയില്‍നിന്നുള്ള നാലു ലക്ഷം രൂപ കൂടി ചേര്‍ത്ത് മൊത്തം 14 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
വന്യജീവി ആക്രമണത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉത്തരവിറക്കിയത്. അതിനുശേഷം ഈ വര്‍ഷമാദ്യം ചേര്‍ന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ സംസ്ഥാനതല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയത് 10 ലക്ഷം രൂപ മാത്രം നല്‍കാനാണ്. നിലവില്‍ നല്കുന്ന 10 ലക്ഷം രൂപയുടെ ഘടനയില്‍ മാത്രം മാറ്റം വരുത്തി മൊത്തം തുക വര്‍ധിക്കാതിരിക്കാനുള്ള തീരുമാനമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത്.
10 ലക്ഷം രൂപയില്‍ ആറു ലക്ഷം വനംവകുപ്പ് നല്‍കും. ബാക്കി നാലുലക്ഷം ദുരന്തനിവാരണ നിധിയില്‍നിന്നു ചെലവഴിക്കും. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടും ഫലത്തില്‍ നിലവിലുള്ള തുക തന്നെയാണ് ഇരകള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. വനംവകുപ്പിന്റെ സാമ്പത്തിക ബാധ്യത കുറയുകയും ചെയ്യും.
കേന്ദ്രസര്‍ക്കാരിന്റെ എലഫന്റ്, ടൈഗര്‍ പ്രോജക്ടുകള്‍ പ്രകാരം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നല്കാന് വ്യവസ്ഥയുണ്ട്. ഇതും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്ത് 10 ലക്ഷത്തിലേറെ രൂപ ലഭിക്കുമെന്ന പ്രതീക്ഷയാണ് കര്ഷകരിലുണ്ടായിരുന്നത്. ഫലത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതും വനംവകുപ്പിന് ലാഭക്കച്ചവടമായി മാറുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.