ഒടുവിലെ ശ്രമത്തിൽ ഒന്നാമത്
Wednesday, April 23, 2025 2:10 AM IST
മലപ്പുറം: സിവിൽ സർവീസ് പരീക്ഷയിൽ മികവുകാട്ടി മാളവിക ജി. നായർ. ദേശീയതലത്തിൽ 45-ാം റാങ്കോടെയാണ് മാളവിക കേരളത്തിൽനിന്ന് മുന്നിലെത്തിലെത്തിയിരിക്കുന്നത്.
പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് 2024ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ മിന്നും ജയം സ്വന്തമാക്കാനായത് അവസാന ശ്രമത്തിലാണ്. അവസാനത്തെ ശ്രമത്തിൽ ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ചൂനാട്ട് മഞ്ജീരത്തിൽ ഡോ. നന്ദഗോപന്റെ ഭാര്യയാണ് മാളവിക.
നന്ദഗോപൻ മലപ്പുറം ജില്ലയിലെ മഞ്ചേരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ്. കുടുംബത്തിലേക്ക് ഐപിഎസിനൊപ്പം ഐഎഎസ് തിളക്കവും മാളവികയുടെ നേട്ടത്തോടെ വന്നുചേർന്നിരിക്കുകയാണ്. മകൻ ആദിശേഷിനെ പ്രസവിച്ച് 13-ാം ദിവസമായിരുന്നു മാളവിക ഇത്തവണ പരീക്ഷ എഴുതിയത്.
കുഞ്ഞുമായി പരീക്ഷയ്ക്ക് തയാറെടുക്കുന്പോൾ വീട്ടുകാരുടെ വലിയ പിന്തുണ ലഭിച്ചതുകൊണ്ടാണ് മികച്ച രീതിയിൽ പരീക്ഷ എഴുതാനായതെന്ന് മാളവിക പറയുന്നു. കൊച്ചിയിൽ ഐആർഎസ് ഡെപ്യൂട്ടി കമ്മീഷണറാണ് മാളവിക.
കേരള ഫിനാൻഷൽ കോർപറേഷൻ റിട്ടയേർഡ് ഡിജിഎം മുത്തൂർ ഗോവിന്ദ നിവാസിൽ പി.ജി. അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതാലക്ഷ്മിയുടെയും മകളാണ്.
ഐസിഎസ്ഇയിൽ ഒന്നാം റാങ്ക് നേടിയ മാളവിക കുറ്റപ്പുഴ മാർത്തോമ റസിഡന്റ്സ് സ്കൂളിലാണ് പത്തുവരെ പഠിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ പ്ലസ് ടുവിന് ശേഷം എൻട്രൻസ് ലഭിച്ചതോടെ കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി.
ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനം നടത്തിയെങ്കിലും സിവിൽ സർവീസ് തന്നെയായിരുന്നു മോഹം. ഇംഗ്ലീഷ് നോവലുകളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന മാളവിക കലാരംഗത്ത് ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. സഹോദരി മൈത്രേയി ഡോക്ടറാണ്.