അടങ്ങാത്ത പകയും വൈരാഗ്യവും; അവസാനം അരുംകൊലയും
Thursday, April 24, 2025 2:40 AM IST
കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതു മുതല്‍ പോലീസിന്റെ നിഗമനങ്ങള്‍ കൃത്യമായിരുന്നു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത കാലത്ത് പ്രതി അമിത് മോഷ്ടിച്ചു പണം അപഹരിച്ചിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അമിതിനെ റിമാന്‍ഡ് ചെയ്തിരുന്നു.
ഇക്കാലത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന യുവതി പിണങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലയിലേക്ക് എത്തിച്ചത്. ഇയാളെ ജാമ്യത്തിലിറക്കിയത് വൈക്കം സ്വദേശികളായ രണ്ടു സ്ത്രീകളാണ്. ഇവരെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ജാമ്യത്തിലിറങ്ങിയശേഷവും അടുത്തയിടെ അമിത് തിരുവാതുക്കലില്‍ വിജയകുമാറിന്റെ വീട്ടിലെത്തി അക്രമത്തിന് ശ്രമിച്ചിരുന്നു. ദമ്പതികളെ വകവരുത്തുന്നതിനുള്ള തയാറെടുപ്പ് ആഴ്ചകളായി നടത്തി വന്ന പ്രതിക്ക് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിനു പുറമെ തിരുവാതുക്കലില്‍ വിജയകുമാറിന്റെ വീട്ടിലും ജോലി ചെയ്തുള്ള പരിചയം കൃത്യം നടത്തല്‍ കൂടുതല്‍ എളുപ്പമാക്കി. ദമ്പതികള്‍ക്ക് അയല്‍ക്കാരുമായി അടുപ്പമില്ലാത്തതും ജീവിതരീതി മനസിലാക്കിയിരുന്നതിനാലും അമിത് കൊലപാതകം പെട്ടെന്നു നടത്താന്‍ പദ്ധതിയൊരുക്കി.
ഇതിനായി കഴിഞ്ഞ ശനിയാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ബിനോ ലോഡ്ജില്‍ സ്വന്തം പേരില്‍ തന്നെയാണ് 23-ാം നമ്പര്‍ മുറിയെടുത്തു താമസിച്ചത്. ഇതിന്റെ രേഖകള്‍ ലോഡ്ജില്‍നിന്നു ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍നിന്നിറങ്ങി കോട്ടയം മുതല്‍ തിരുവാതുക്കല്‍ വരെ നിരീക്ഷണം നടത്തി. വിജയകുമാറിന്റെ വീട്ടില്‍ സിസിടിവിയുള്ള കാര്യം അറിയാവുന്നതിനാല്‍ കൊല നടത്തി മടങ്ങിയപ്പോള്‍ ഡിവിആറും കൈവശപ്പെടുത്തിയാണ് പോയത്.
മുന്‍ പരിചയമുള്ളതിനാല്‍ വീട്ടിലെ ലാബ്രഡോര്‍ നായയ്ക്കു തീറ്റ നല്കി മയക്കാനും ഇയാള്‍ക്കു കഴിഞ്ഞിരുന്നു. വീട്ടില്‍ കതകിന് ഒരു സാക്ഷ മാത്രമേ ഇടാറുള്ളൂവെന്ന് മനസിലാക്കിയിരുന്ന അമിത് ഗ്ലാസ് കട്ടര്‍ ഉപയോഗിച്ചു ജനറല്‍ ചില്ല് മുറിച്ചുമാറ്റി അതിലൂടെ കതകിന്റെ സാക്ഷയെടുത്ത് വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
കൊലയ്ക്കുശേഷം വിജയകുമാറിന്റെയും മീരയുടെയും ഫോണുകളുമായി മതില് ചാടിക്കടന്ന് ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപം മുമ്പ് താമസിച്ചിരുന്ന അതേ ലോഡ്ജിലെത്തി പുലര്‍ച്ചെ ഇവിടെനിന്നു കടന്നുകളഞ്ഞു. മാളയിലെത്തി സുഹൃത്തുക്കളുടെയും സഹോദരന്റെയും സഹായത്താല്‍ സംസ്ഥാനം വിടാനുള്ള തയാറെടുപ്പിലായിരുന്നു അമിത്.
ഫിംഗര്‍പ്രിന്റ് അമിതിലേക്ക് വിരല്‍ചൂണ്ടി
കോട്ടയം: ഇരട്ടക്കൊല പുറത്തുവന്നപ്പോള്‍തന്നെ പോലീസിനു അമിതിനെ സംശയമുണ്ടായിരുന്നു. വിജയകുമാറിന്റെ വീട്ടില്‍നിന്നു ലഭിച്ച ഫിംഗര്‍ പ്രിന്റും കോടാലിയില്നിന്നുള്ള ഫിംഗര്‍ പ്രിന്റും മാച്ച് ചെയ്തതോടെ പോലീസിനു കാര്യങ്ങള്‍ വ്യക്തമായി. ലഭിച്ച എല്ലാ ഫിംഗര്‍ പ്രിന്റുകളും അമിതിന്റെ ഫിംഗര്‍ പ്രിന്റുമായി മാച്ച് ചെയ്തു.
സിസിടിവി ഹാര്‍ഡ് ഡിസ്ക് പ്രതി മോഷ്ടിച്ചിരുന്നെങ്കിലും പ്രതി വീട്ടിലെത്തിയ മറ്റു സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
19ന് അമിത് കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ലോഡ്ജി മുറിയെടുത്തിരുന്നതായും തിങ്കളാഴ്ച പുലര്‍ച്ചെ സ്ഥലം വിട്ടതായും കണ്ടതോടെ കാര്യങ്ങള്‍ക്കു വ്യക്തത ലഭിച്ചു.
ലോഡ്ജില്‍ വരികയും പോകുകയും ചെയ്യുന്നതിന്റെ കൃത്യമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. പിന്നീട് മൊബൈല്‍ ലൊക്കേഷനും പോലീസിനു ലഭിച്ചു.