ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Wednesday, April 23, 2025 2:10 AM IST
വരാപ്പുഴ : അമിതവേഗത്തിലായിരുന്ന ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
കൂനമ്മാവ് ആട്ടേത്തറകോലംപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ കെ. എസ്. രഞ്ജിത്ത് (28), കോട്ടയം മുത്തോലി ഓമലകത്ത് വീട്ടിൽ ജോയിയുടെ മകൻ ജോയൽ (27) എന്നിവരാണ് മരിച്ചത്. കോട്ടുവള്ളി - പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്കു സമീപം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ റോഡരികിലുള്ള മതിലിലിടിച്ച് സ്കൂട്ടർ യാത്രികനായ മറ്റൊരു യുവാവിനു പരിക്കേറ്റു. നോർത്ത് പറവൂർ കിഴക്കേപ്രം പഴുപ്പറമ്പത്ത് അർജുൻ സുബ്രഹ്മണ്യനാണ് (29) ആശുപത്രിയിൽ കഴിയുന്നത്.
പെരുമ്പാവൂരിലെ ഒരു കോളജിൽ സ്വിമ്മിംഗ് ട്രെയിനർ ആയി ജോലി ചെയ്യുന്ന ജോയൽ ഇടപ്പള്ളിയിലാണ് താമസം. പറവൂരിലേക്ക് ബൈക്കിൽ പോകുമ്പോൾ എതിർദിശയിൽ കൂനമ്മാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തുടർന്ന് പരിക്ക് പറ്റിയ യുവാക്കളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ തലയിടിച്ചുവീണാണ് രണ്ടുപേരുടെയും മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ പൂർണമായും തകർന്നു.
ടൈൽ പണിക്കാരനായ രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തത്തപ്പിള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ : അമ്പിളി. ശരത്ത് ഏകസഹോദരനാണ്. ഒന്നര വർഷം മുമ്പ് മൂന്നാറിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രഞ്ജിത് കുറെനാൾ വീട്ടിൽ ചികിത്സയിലായിരുന്നു.
കോട്ടയം സ്വദേശി ജോയൽ ജോയിയുടെ സംസ്കാരം ഇന്ന് 11ന് ഭവനത്തില്‍ ശുശ്രൂഷകളോടെ ആരംഭിച്ച് മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍. പിതാവ് ജോയി ദീപികയുടെ ഏജന്റും അമ്മ റൂബി ജോസ് ളാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ മെംബറുമാണ്. സഹോദരി: സാറാ ജോയി (വിദ്യാർഥിനി, പാലാ സെന്റ് തോമസ് കോളജ്).