ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് വി.ഡി. സതീശന്
Thursday, April 24, 2025 2:40 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തിനുനേരേയല്ല, മറിച്ച് ഓരോ ഇന്ത്യക്കാരന്റെയും നേരേയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധവും എറണാകുളം രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ രാജ്യം കൈക്കൊള്ളണം. ഇതിനുപിന്നിൽ ആരാണെങ്കിലും ഒരു കാരണവശാലും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കില്ലെന്നും നമ്മുടെ രാജ്യത്തിന്റെ രക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരേ അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.ഡി. സതീശന് ചൊല്ലിക്കൊടുത്ത ഭീകരവിരുദ്ധ പ്രതിജ്ഞ പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ദീപം തെളിച്ച്, മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു.
ഹൈബി ഈഡന് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, നേതാക്കളായ അജയ് തറയില്‍, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്, ഡൊമിനിക് പ്രസന്റേഷന് തുടങ്ങിയവര്‍ പ്രസംഗിച്ചു.